ദേവന്മാര്ക്കും ദേവിമാര്‍ക്കും വിവിധതരത്തിലുള്ള ആയുധങ്ങള്‍ ഉണ്ട്. അവയെ എപ്പോഴും അവര്‍ കയ്യില്‍ ധരിച്ച് നില്ക്കുന്നു. ആ ആയുധങ്ങള്‍ ഏതോ സ്വര്ണപ്പണിക്കാരോ വെള്ളിപ്പണിക്കാരോ. ഇരുമ്പു പണിക്കാരോ നിര്‍മിച്ചവയല്ല. എല്ലാം ദിവ്യങ്ങളാണ്, അതത് ദേവതകളുടെ ചൈതന്യം നിറഞ്ഞ് നില്ക്കുന്നവയുമാണ്. തങ്ങളുടെ ഭക്തന്മാരെ ദുഃഖങ്ങളില്‍നിന്നും ഭയങ്ങളില്‍നിന്നും ശത്രുക്കളില്‍നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് കയ്യില്‍തന്നെ എടുത്തുനില്‍ക്കുന്നത്. പൂജകളില്‍ ദേവന്മാരെ പൂജിക്കുമ്പോള്‍, ആയുധങ്ങളെയും പൂജിച്ചു വരുന്നു.
ഭഗവാന്റെ ആയുധങ്ങളായ ശംഖചക്രഗദാ പദ്മങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കൂടാതെ ഇന്ദ്രന്റെ വജ്രം എന്ന ആയുധത്തില്‍ ഭഗവച്ചൈതന്യം നിറഞ്ഞുനില്ക്കുന്നു. ‘നാരായണകവചം’ എന്ന സ്തോത്രമന്ത്രം ജപിച്ചു സിദ്ധനായ ദധീചി എന്ന മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട് ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച് ദേവേന്ദ്രന് കൊടുത്ത ദിവ്യായുധമാണ് വജ്രം. ആ വജ്രായുധം ഭഗവാന്റെ വിശേഷ വിഭൂതിയാണ്. ഭഗവാന്റെ തേജസ്സ് അതില്‍ നിറഞ്ഞുനില്ക്കുന്നു. ഇന്ദ്രന് വൃത്രാസുരനെ വധിച്ചത് ഈ വജ്രായുധം കൊണ്ടാണ് എന്നും ഓര്‍ക്കാം.
ധേനൂനാം കാമധുക് അസ്മി (28)
ഗോക്കളെ നാം പുല്ലും വെള്ളവും കൊടുത്തു വളര്‍ത്തുന്നു. അവ നമുക്ക് പാല് ചുരത്തിത്തരുന്നു. പാലില്‍നിന്ന് തൈര്, വെണ്ണ ഇവ നാം ഉണ്ടാക്കുന്നു. പശുവിന്റെ മൂത്രവും ചാണകവും പരിശുദ്ധ വസ്തുക്കളായി വേദങ്ങളും ശാസ്ത്രങ്ങളും പ്രതിപാദിക്കുന്നു. ഈ അഞ്ചുവിധം ഗവ്യങ്ങള്‍-പശു തരുന്ന വസ്തുക്കളെ ‘പഞ്ചഗവ്യം’ എന്നുപറയുന്നു. ഈ ഓരോ വസ്തുവിനെയും പ്രത്യേകം ഓരോ വേദമന്ത്രങ്ങള്‍ ചൊല്ലി ചേര്‍ത്തു യോജിപ്പിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം ദേവന്മാര്ക്ക് അഭിഷേകം ചെയ്യുന്നു. വൈദ്യശാസ്ത്രവിധി പ്രകാരം ഈ പഞ്ചഗവ്യം ചേര്‍ത്തു നിര്‍മിക്കുന്ന പഞ്ചഗവ്യഘൃതം-സേവിക്കും അത് ഗര്‍ഭാശയ ശുദ്ധിക്കും വയറ്റിലെ അസുഖങ്ങള്‍ നശിക്കാനും വളരെ വിശിഷ്ടമാണ്.
പശുക്കളില്‍ ഭഗവച്ചൈതന്യം നിലനില്ക്കുന്നു. പാലാഴി കടയുമ്പോല് ആവിര്‍ഭവിച്ച ദിവ്യമായ പശുവാണ്-കാമധേനു. ആ കാമധേനുവിനെ വസിഷ്ഠ മഹര്‍ഷിക്കാണ് ഭഗവാന് കൊടുത്തത്. കാമധേനു പാല് മാത്രമല്ല ഭക്തന്മാര് പൂജിച്ച്, ആവശ്യപ്പെടുന്ന ഏതു വസ്തുവും ചുരത്തിത്തരും. കാരണം, കാമധേനു ഭഗവാന്റെ വിശേഷ വിഭൂതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: