കൊല്ലം: പ്രകൃതി സംരക്ഷണ സന്ദേശവുമായി സംബോധ് ഫൗണ്ടേഷന് കേരളഘടകം മുഖ്യചാര്യന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി ഹരിതാദ്ര സ്വാന്തന യാത്ര നയിക്കുന്നു. യാത്ര എല്ലാ ജില്ലകളിലൂടെയും കടന്നു പോകും. ഈ മാസം പത്തിന് കാസര്‍കോട്ടു നിന്നും ആരംഭിക്കുന്ന യാത്ര ഒക്ടോബര്‍ പത്തിന് തിരുവനന്തപുരത്ത് അവസാനിക്കും.
പരിസ്ഥിതിസംരക്ഷണം ഭാവി തലമുറയെ മുന്നില്‍ക്കണ്ടു വേണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി ജന്മഭൂമിയോട് പറഞ്ഞു. ഒരു സംസ്ഥാനത്തും 44 നദികളെന്ന സമ്പത്തില്ല. എന്നിട്ടും നമുക്ക് ദാഹജലം ലഭിക്കുന്നില്ല. അതിന്റെ പ്രധാനകാരണം പരിസ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയാണ്. മനുഷ്യന് തന്റെ ആയുസില്‍ 22 വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് വേദങ്ങള്‍ പഠിപ്പിക്കുന്നു. ഓരോരുത്തരും അവരുടെ ജന്മനക്ഷത്രത്തിന് യോജിച്ച വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കേണ്ടത്. മാത്രമല്ല, അതിന്റെ പരിപാലനത്തിനും തയ്യാറാകണം. ചെടി വളര്‍ന്ന് വൃക്ഷരൂപം പ്രാപിക്കുംവരെയും അതിന്റെ സംരക്ഷണം ഓരോരുത്തരുടെയും ചുമതലയാണ്, അദ്ദേഹം വിശദീകരിച്ചു.
ഗീതാലാപനത്തോടെയാണ് ഓരോ ജില്ലയിലേക്കും യാത്ര കടന്നുവരിക. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഭൂമിയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ഹ്രസ്വചിത്രമായി അവതരിപ്പിക്കും. പരിസ്ഥിതിപ്രവര്‍ത്തനത്തിന് ജീവിതം ഉഴിഞ്ഞു വച്ചവരെയും കാവ്, കുളം സംരക്ഷകരെയും ആദരിക്കും. പ്രശസ്ത ഫോട്ടോഗ്രാഫറായ എ. പ്രക്ഷോഭാണ് യാത്രാ ക്യാപ്റ്റന്‍.
27 ദിവസത്തെ യാത്രക്ക് മുന്നോടിയായി കുടുംബയോഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ രാവിലെ 6.30ന് ശ്രീകൃഷ്ണസ്തുതികളോടെ കൃഷ്ണനുമായി ബന്ധമുള്ള വൃക്ഷത്തൈവിതരണവും നടീലും.
10ന് കാസര്‍കോട് പൈച്ചാല് ചൈതന്യ വിദ്യാലയ ഋഷി ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കും. സമാപനപരിപാടിയില്‍ സംഗീതസംവിധായകന് ശരത് പങ്കെടുക്കും. കവി സുഗതകുമാരിയെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: