കളമശ്ശേരി: പാറമട അപകടത്തില്‍ മരണമടഞ്ഞ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാട് കണ്ണീരോടെ വിട നല്കി. നോര്‍ത്ത് കളമശ്ശേരി പുതിയപുരയില്‍ അനിയന്റെ മകന് വിനായക് (19), കാക്കോലില്‍ ശോഭനന്റെ മകന് അഭിജിത്ത് (19), പുത്തലത്ത് മഠത്തില്‍ ശ്രീകുമാറിന്റെ മകന് ശ്രാവണ്‍ (17) എന്നിവരാണ് പാറമടക്കയത്തില്‍ വീണ് മരിച്ചത്.
മൂന്നു പേരുടേയും മൃതദേഹങ്ങള്‍ പത്താം പിയൂസ് പള്ളി ഹാളിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ രാവിലെ എത്തിയപ്പോള്‍ കാത്ത് നിന്ന സഹപാഠികളും ബന്ധുജനങ്ങളും പൊട്ടിക്കരഞ്ഞു. പെരുമ്പാവൂരില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയശേഷം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പേരുടേയും മൃതദേഹങ്ങള്‍ മൂന്ന് ആബുലന്സുകളിലായാണ് നോര്‍ത്ത് കളമശ്ശേരിയില്‍ കൊണ്ടുവന്നത്. പള്ളിയങ്കണത്തിന് മുന്നിലുള്ള ഹാളില്‍ പ്രത്യേകം സൗകര്യമുണ്ടാക്കിയാണ് പൊതുദര്‍ശനം ഒരുക്കിയത്.
വിനായകന് പഠിക്കുന്ന കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, അഭിജിത്ത് പഠിക്കുന്ന എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ്, ശ്രാവണ്‍ പഠിക്കുന്ന ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരും അന്ത്യോപചാരം അര്‍പ്പിച്ചു.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, കളമശ്ശേരി നഗരസഭാധ്യക്ഷ ജെസി പീറ്റര്‍, സ്ഥിരം സമിതിയധ്യക്ഷന്‍ എ.കെ. ബഷീര്‍, ജില്ലാ കാര്യവാഹ് പി.എം. കൃഷ്ണകുമാര്‍ , ഭാരതീയ വിചാര കേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാഭാ സുരേന്ദ്രന്, പ്രചാര്‍ പ്രമുഖ് അഡ്വ. എസ്. ശ്രീനാഥ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കൃഷ്ണദാസ് , കെ.പി. രാജന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. സജീവ് കുമാര്‍, ബിജെപി മണ്ഡലം, മുനിസിപ്പല്‍ ഭാരവാഹികളായ ഉല്ലാസ് കുമാര്‍, എ. സുനില്‍ കുമാര്‍, പ്രമോദ് തൃക്കാക്കര, പി.പി. സുന്ദരന്‍, വി.വി. പ്രകാശന്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു.
പത്തരയോടെ പൊതുദര്‍ശത്തിനുശേഷം മൃതദേഹം വീടുകളിലേക്ക് കൊണ്ടുപോയി. മരണാനന്തര ശേഷക്രിയകള്‍ക്ക് ശേഷം പച്ചാളത്തെ ശ്മശാനത്തില്‍ 12.30 ഓടെ സംസ്കാരം നടന്നു. ഉച്ചകഴിഞ്ഞ് മന്ത്രി എ.കെ. ബാലനും വീടുകള്‍ സന്ദര്‍ശിച്ചു. മരണമടഞ്ഞ മൂന്ന് വീടുകളിലും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അക്ഷയുടേയും വീട്ടിലും സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: