കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം നിലച്ചത് നൂറുകണക്കിന് രോഗികള്‍ക്ക് ദുരിതമായി മാറി. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്ന ബയോ-കെമിക്കല്‍ ലാബിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞദിവസം തടസ്സപ്പെട്ടത്. നൂറുകണണക്കിന് രോഗികള്‍ കഴിഞ്ഞദിവസം പരിശോധനക്കായി രക്തസാമ്പിളുകള്‍ ഇവിടെ നല്‍കിയിരുന്നു. ഇന്നലെ പരിശോധനാ ഫലത്തിനായി ലാബിലെത്തിയപ്പോഴാണ് മെഷീന് തകരാറിലായ കാര്യം അറിയുന്നത്. മെഷീന് തകരാറായ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും കമ്പനിയുടെ ടെക്നീഷ്യന്മാര് യഥാസമയം എത്താത്തതിനാല്‍ ഇന്നലെയും പരിശോധനകള്‍ നിലച്ചിരിക്കുകയാണ്. ആശുപത്രിയിലെ എക്സ്റെ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. അരലക്ഷം രൂപയില്‍ താഴെ വിലയുള്ള ഉപകരണം വാങ്ങി നല്കാന് അധികൃതര്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളും ചിലപ്പോള്‍ തടസ്സപ്പെടുന്നതായും പരാതിയുണ്ട്. ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: