പയ്യന്നൂര്‍: മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ റിമാന്റിലായ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ തെക്കെമാണിയാട്ടെ കെ.പ്രശാന്തിനെ ഇന്നലെ പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ സൊസൈറ്റി സെക്രട്ടറി കെ.വി.പ്രദീപന് ഒളിവില്‍ കഴിയാനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കാനും ഇയാളാണ് മുന്‍കൈയ്യെടുത്തത്.
പ്രശാന്തിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നത് കണ്ടെത്തിയ സെക്രട്ടറി പ്രദീപിന് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. തളിപ്പറമ്പ് സഹകരണ യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ 13,287.6 ഗ്രാം മുക്കുപണ്ടങ്ങള്‍ ബാങ്കില്‍ പണയം വെച്ചതായി കണ്ടെത്തിയിരുന്നു. ഇതുവഴി 3 കോടി 15 ലക്ഷം രൂപയാണ് തിരിമറി നടത്തിയത്. ഇതുകൂടാതെ സൊസൈറ്റിയില്‍ ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണം മാറ്റി മുക്കുപണ്ടം വെച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണമെടുത്ത് മറ്റ് ബാങ്കുകളില്‍ പണയം വെച്ചതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: