പ്രൊഫ. തുറവൂര്‍ വിശ്വംഭരന് ജന്മാഷ്ടമി പുരസ്കാരം ഇന്ന് സമര്‍പ്പിക്കുകയാണ്. അഷ്ടമിരോഹിണിനാളിലെ അര്‍ധരാത്രിയില്‍ കാലവും ലോകവും അഗാധനിദ്രയിലേക്ക് വീണുപോയ ഇരുള്നേരത്ത് ജന്മംകൊണ്ട മഹാപ്രകാശത്തിന്റെ കിരണങ്ങളെ തലമുറകളിലേക്ക് പകരുക എന്ന ദൗത്യമുണ്ട് കേരളത്തില്‍ കൊണ്ടാടപ്പെടുന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക്.
വഴിയറിയേണ്ട പ്രായത്തില്‍ പ്രപഞ്ചനന്മയുടെ വഴിയിലേക്ക് ഒരു തലമുറയെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാലഗോകുലവും അതിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്കാരകേന്ദ്രവുമാണ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇത്തരത്തിലൊരു പുരസ്കാരം ഏര്‍പ്പെടുത്തിയത്. അല്പം വൈകിയെങ്കിലും വിശ്വംഭരന് മാഷിനെ തേടി ഒടുവില്‍ ആ പുരസ്കാരം എത്തിയിരിക്കുന്നു.
ആസുരികതയുടെ തേര്‍വാഴ്ചയില്‍ പ്രപഞ്ചം പൊറുതിമുട്ടിയപ്പോഴാണല്ലോ ഭഗവാന് അവതീര്‍ണനായത്. ഒരു കംസനായിരുന്നില്ല, ആയിരക്കണക്കിന് കംസന്മാരായിരുന്നു നിമിത്തം. ഒരു ജനതയുടെ അടക്കാനാവാത്ത ഇച്ഛയും അവസാനിക്കാത്ത പ്രാര്‍ത്ഥനയുമുണ്ടായിരുന്നു ആ പിറവിക്ക് പിന്നില്‍. കാലം ആ പിറവിക്ക് പാകമായിരുന്നു.
കംസന്റെ കാരാഗൃഹത്തില്‍ പിറക്കുകയും അമ്പാടിയില്‍ ഗോപാലകനായി വളരുകയും ചെയ്ത ശ്രീകൃഷ്ണന്റെ കര്മ്മങ്ങളത്രയും ധര്‍മ്മനിര്‍വഹണത്തിന്റെ മാതൃകകളായിരുന്നു. ഭൂമിക്ക് ഭാരമായ രാക്ഷസക്കൂട്ടങ്ങളെ കൊന്നും കൊല്ലിച്ചും ധര്‍മ്മവിജയത്തിന്റെ കൊടി ഉയര്‍ത്തുകയായിരുന്നു കൃഷ്ണന്.
അമ്മമാര്‍ക്ക് ആരോമലായും ഗോപികമാര്‍ക്ക് കണ്ണനായും അമ്പാടിക്കാകെ ഗോപാലനായും നിറഞ്ഞ ശ്രീകൃഷ്ണന് ധര്‍മ്മവിജയത്തിനായി ജനശക്തിയെ സമാഹരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. ഗോവര്ധനമുയര്ത്തുമ്പോഴും കാളിയനെ അമര്‍ത്തുമ്പോഴും ഗോകുലം ഒരുമിച്ചുനിന്നു. പോരാളിയായും തേരാളിയായും രാജാവായും ഭിക്ഷാടകനായും കൂട്ടുകാരനായും ആചാര്യനായും കുട്ടിക്കിടാവായും വിരാഡ്രൂപിയായ വിശ്വംഭരനായും ധര്‍മ്മവിജയത്തിനായി ഭഗവാന് പകര്‍ന്നാട്ടം നടത്തി.
പ്രപഞ്ചധര്മ്മത്തിന്റെ നിലനില്‍പ്പിനായുള്ള സംഘടിതമുന്നേറ്റത്തിന് തേര്തെളിക്കുകയായിരുന്നു ഗീതാകാരന്‍. അധര്‍മ്മികള്‍ക്ക് നേരിന്റെ ആ ശംഖകാഹളത്തെ ഭയമായിരുന്നു. ധര്‍മ്മപക്ഷത്തെ ഇല്ലാതാക്കാന്‍ അധര്‍മ്മികള്‍ എടുത്തുപയോഗിക്കാത്ത ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മിഞ്ഞപ്പാലൂട്ടുന്ന അമ്മയുടെ മോഹനരൂപം മുതല്‍ കാറ്റായും കാട്ടാനയായും വരെ അവര്‍ വേഷം കെട്ടിയാടി. ചിലര്‍ മഞ്ഞപ്പട്ടും മയില്പ്പീലിയുമണിഞ്ഞ് കൃഷ്ണന്റെ വേഷമിട്ടുമെത്തി. എല്ലാ കപടവേഷങ്ങളെയും ഇല്ലാതാക്കാന്‍പോന്ന നേരിന്റെ പ്രകാശമാണ് ധര്‍മ്മരക്ഷയ്ക്ക് തേര്തെളിക്കുന്നതെന്ന് കാലം അവര്‍ക്ക് കാട്ടിക്കൊടുത്തു.
അധര്‍മ്മികളുടെ പോര്വഴികള്ക്ക് ചൂട്ടുകറ്റ കത്തിക്കുന്നത് അസത്യത്തിന്റെ കരങ്ങളാണ്. അന്നും ഇന്നും അതിന് മാറ്റമുണ്ടാവുന്നില്ല. കംസന്മാര് ജന്മാഷ്ടമിക്ക് കൃഷ്ണവേഷം കെട്ടാനൊരുങ്ങുന്നതാണ് പുതിയ കാലം. ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന അസുരശാസനമാണ് പിന്നീട് മതേതരജന്മാഷ്ടമി ആഘോഷിക്കാന്‍ അരപ്പട്ട കെട്ടുന്നതെന്നോര്ക്കണം. മഹാഭാരതവും രാമായണവുമൊക്കെ മതേതരമാണെന്ന വ്യാഖ്യാനം ചമയ്ക്കുന്ന പണ്ഡിതപ്രമാണികള് ദിവസങ്ങള്‍ നീളുന്ന പ്രഭാഷണപരമ്പരകള്‍ കൊണ്ട് പൗണ്ഡ്രകവേഷം കെട്ടുന്നു.
ചെഗുവേരയ്ക്കൊപ്പം ഗണപതിയെ ചോപ്പുടുപ്പിക്കുകയും ഗണപതിക്കൊപ്പം ചെഗുവേരയെ നിമജ്ജനം ചെയ്യുകയും ചെയ്യുന്ന ഉത്സവാഭാസങ്ങള്ക്ക് കേരളം വേദിയാകുന്നു. സംസ്കാരത്തിന്റെയും ധാര്‍മ്മികജീവിതത്തിന്റെയും ആധാരശിലകള്‍ പിഴുതെറിയാനുള്ള ആസൂത്രിത നീക്കം അരങ്ങേറുന്നു. താലിപൊട്ടിക്കലും പരസ്യചുംബനവും നവോത്ഥാനസമരങ്ങളാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വിരമിക്കുന്ന അധ്യാപികയ്ക്ക് കലാലയാങ്കണത്തില്‍ കുഴിമാടം തീര്‍ക്കുന്നു, കലാലയത്തിന്റെ ചുവരുകളില്‍ അശ്ലീലചിത്രം വരച്ചത് ചോദ്യം ചെയ്തതിന് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നു. ഗോപാലകനായ ഭഗവാന് ശ്രീകൃഷ്ണന്റെ പേരിലുള്ള കോളേജില്‍ ബീഫ് വിളമ്പി ആഘോഷം കൊണ്ടാടുന്നു.
സദാചാരമെന്നത് മുഴുത്ത തെറിവാക്കാണെന്ന് കൊടിപിടിച്ച് ജീവിക്കുന്ന അഭിനവബുദ്ധിജീവികള്‍ ടിപ്പണി തീര്‍ക്കുന്നു. എല്ലാം ശരിയാക്കുന്നവര്‍ വെച്ചുനീട്ടുന്ന അക്കാദമിക്കഷ്ണങ്ങള് വിഴുങ്ങി സാഹിത്യസാംസ്കാരികനായകന്മാര്‍ ഇതാണ് ശരിയെന്ന് ആവര്‍ത്തിക്കുന്നു.
ജന്മാഷ്ടമി പുരസ്കാരം വിശ്വംഭരന് മാഷിലേക്കെത്തുന്നതിന്റെ കാലമിതാണ്. അധര്‍മ്മത്തെ ധര്‍മ്മമെന്ന് വാഴ്ത്തുകയും അധര്‍മ്മികള്‍ ധര്‍മ്മപ്രഭാഷണം നടത്തുകയും ചെയ്യുന്ന തലതിരിഞ്ഞ കാലം. നുണയുടെ ആയിരം കരങ്ങള്‍ ചൂട്ടുകറ്റപിടിച്ച് വഴികാട്ടുന്ന കേരളത്തില്‍ ധര്‍മ്മത്തിന്റെ ഒറ്റ സൂര്യനായി കത്തിയാളുകയാണ് ഈ മനുഷ്യന്. എല്ലാ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള ഒറ്റമൂലി കരഗതമാക്കിയ ആചാര്യന്. പണ്ഡിതപ്രമാണികളും സംഘടിത മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും തമസ്കരിക്കാന്‍ പരിശ്രമിച്ചിട്ടും അദ്ദേഹം കൃഷ്ണദൗത്യം കലികാലത്തും നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.
ഗീതയില്‍ ഭഗവാന് പറയുന്നത് ആര് എവ്വിധം എന്നെ സമീപിക്കുന്നുവോ അതേവിധം ഞാന്‍ അവര്‍ക്ക് പ്രാപ്യനായിത്തീരുന്നു.. (യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം)….. വിശ്വംഭരന്മാഷിനെ വ്യാസജന്മം എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ധര്‍മ്മത്തെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചാരണങ്ങളില്‍ മനംനൊന്ത് വശംകെട്ടവര്ക്ക് ആശ്വാസമാണ് മാഷിന്റെ വാക്കുകള്‍. ഇതാ, വ്യാസന് നേരിട്ട് വന്ന് വീണ്ടും ധര്‍മ്മഗീത പറയുന്നു. ഇതാണ് ശരി എന്ന തികഞ്ഞ ബോധ്യത്തോടെ….
എന്നാല്‍ വാസ്തവത്തില്‍ മാഷിനെക്കുറിച്ച് തോന്നിയിട്ടുള്ളത് സമീപിക്കുന്ന ഏതൊരാള്‍ക്കും പ്രാപ്യനായ മനീഷി ആയിട്ടാണ്. സംശയാലുക്കള്‍ക്ക് ഗുരുവായും സുഹൃത്തുക്കള്‍ക്ക് സഹൃദയനായ സുഹൃത്ത്, അറിയാത്ത മേഖലകള്‍ ഇല്ലെന്ന് പറയാനാവും വിധം അറിവിന്റെ കടല്‍….
വിവാദകലുഷിതമായ സംവാദമേഖലകളില്‍ നിര്‍ഭയനായി തലയെടുത്തുനിന്ന കുലപര്‍വതം…. ഏത് ധാര്‍ഷ്ട്യവും അറിയാതെ തലകുനിച്ചുപോകുന്ന അറിവിന്റെ ആഢ്യത്വം…. അതുകൊണ്ടാണ് മാഷ് പലപ്പോഴും അവസാന വാക്കാകുന്നത്. ഏത് കൊലകൊമ്പനും അവിടെയെത്തുമ്പോള്‍ അവിശ്വസനീയമായ മെരുക്കം പ്രകടിപ്പിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. മഹാഗുരുക്കന്മാരുടെ ശിഷ്യന്, ഗുരുക്കന്മാരെയും കടന്ന ധിഷണയുടെ കടല്‍, ലോകമെമ്പാടും നിറഞ്ഞ ശിഷ്യ സഞ്ചയം. അധരംവിട്ടുരിയാടുന്ന വാക്കോരോന്നിനും ഹൃദയത്തിന്റെ തുടിപ്പ് അകമ്പടി.
കുലവും ഗോത്രവും ദേശവും കാലവും കടന്ന ഭാഷാപാണ്ഡിത്യത്തിന്റെ പാരാവാരം, അതേസമയം വാത്സല്യവും സ്നേഹവും പരിലാളനവും കൊണ്ട് ആരെയും സ്വന്തമാക്കുന്ന പെരുമാറ്റ സാരള്യം…. ലോകസംസ്കൃതിയുടെ ഈടുവെയ്പുകള്‍ പകര്‍ന്ന സാഹിത്യങ്ങള്‍ കുട്ടിക്കവിതകള്‍ പോലെ മനഃപാഠം, കലയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് കോട്ടകെട്ടിയ തപസ്യ കലാസാഹിത്യവേദിയുടെ നാലുപതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനസപര്യയില്‍ അമരക്കാരന്, കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ളവന്റെ പരാധീനതകള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള പുതിയ കാലത്തിന്റെ വ്യാസന്…..
അധര്‍മ്മത്തിനെതിരായ അന്തിമസമരത്തിന്റെ കാലത്താണ് ബാലസംസ്കാരകേന്ദ്രം ലക്ഷക്കണക്കായ ബാലികാബാലന്മാരുടെ ആദരവ് ഈ പുരസ്കാരത്തിലൂടെ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിന് അര്‍ഹതപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: