തിരൂര്‍: നാടിന്റെ പൊന്നോമനയെ വെട്ടിനുറുക്കിയവരെ സംരക്ഷിക്കാന്‍ നിയമപാലകര്‍ കോപ്പുകൂട്ടുമ്പോള്‍ തിരൂര്‍ ജനതക്ക് കൈയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അമ്മമാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട വിപിന്‍ നീതി തേടി ഇന്നലെ തെരുവിലിറങ്ങിയത്.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൊലപാതകത്തിന് പിന്നിലെന്ന് നാല് പേരുടെ അറസ്റ്റോടെ വ്യക്തമായി കഴിഞ്ഞു. പക്ഷേ പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനായായി പോലീസ് മാറിയിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളും തമ്മിലുള്ള അവിശുദ്ധബന്ധത്തിനെതിരെയാണ് ഇന്നലെ തിരൂരില്‍ പ്രതിഷേധമുയര്‍ന്നത്.
തിരൂര്‍ താഴെപ്പാലത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് ബസ് സ്റ്റാന്‍ഡ് ചുറ്റി സിറ്റി ജംഗ്ഷനില്‍ റെയില്‍വേ റോഡിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. പിന്നീട് നടന്ന ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചുവപ്പന്‍ ഭീകരതയും ജിഹാദി ഭീകരതയും കൈകോര്‍ത്തിരിക്കുന്ന കേരളത്തിലെ പുതിയ അവസ്ഥ രാഷ്ട്രപുരോഗതിക്കും മതേതരത്വം മൂല്യങ്ങള്‍ക്കും ആഭ്യന്തര സുരക്ഷക്കും ഒരുപോലെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ നേതൃത്വം കൊടുക്കുന്ന ജിഹാദി ഭീകരവാദിയാണ് വിപിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് വിദേശസഹായവും ലഭിച്ചതായി സംശയിക്കുന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് ടി.വി.വാസു അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, ആര്‍എസ്എസ് വിഭാഗ് കാരികാര്യ സദസ്യന്‍ കെ.വി.രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മനോജ് പാറശ്ശേരി സ്വാഗതവും ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: