ന്യൂദല്‍ഹി: മ്യാന്മര് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സേറ്റ് കൗണ്‍സലര്‍ അങ് സാന്‍ സൂ കിയുമായി ചര്‍ച്ച നടത്തി. റോഹിങ്ക്യന്‍ തീവ്രവാദികളെ അടിച്ചമര്‍ത്താനുള്ള മ്യാന്മര് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. മോദിയുടെ ആദ്യത്തെ മ്യാന്മര് സന്ദര്‍ശനമാണിത്.
പ്രസിഡന്റ് യു റ്റിന് ക്യൂവുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് മോദി, അങ് സാന്‍ സൂ കിയെ കണ്ടത്. റാഖീനില്‍ കലാപകാരികളെ അടിച്ചമര്‍ത്തുന്നതില്‍ സൂ കി പ്രകടിപ്പിക്കുന്ന ആര്‍ജവത്തെ മോദി അഭിനന്ദിച്ചു. മ്യാന്മറിന്റെ ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും പോറലേല്ക്കാത്ത തരത്തിലുള്ള പരിഹാരമുണ്ടാവണം. കാലാപത്തിനു ശേഷമുള്ള അഭയാര്‍ഥി പ്രശ്നത്തെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്, സൂ കിക്കൊപ്പം സംയുക്തപ്രസ്താവനില് മോദി പറഞ്ഞു.
അടുത്തിടെയായി മ്യാന്മര് നേരിടുന്ന ഭീകരവാദഭീഷണിയില്‍ ശക്തമായ നിലപാടു സ്വീകരിക്കുന്നതിന് ഇന്ത്യയെ നന്ദി അറിയിക്കുന്നതായി സൂ കി പറഞ്ഞു. ഇരു രാജ്യങ്ങളും സമാനമായ ഭീഷണി നേരിടുകയാണ്. ഒന്നിച്ചു നീങ്ങണം. ഭീകരത ഈ മണ്ണില്‍ വേരൂന്നുന്നില്ല എന്ന് ഉറപ്പു വരുത്തണം. സൂ കി പറഞ്ഞു. ഭീകരതക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചു.
മ്യാന്മാര് പട്ടാളം റോഹിങ്ക്യന്‍ തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതിനെ തുടര്‍ന്ന് 1,25,000 അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മറുകാര്ക്ക് സൗജന്യ വിസ അനുവദിക്കുമെന്നും ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന 40 മ്യാന്‍മറുകാരെ വിട്ടയക്കുമെന്നും മോദി പ്രഖ്യാപിച്ചു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: