ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രിക പത്രാധിപയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് കര്‍ണ്ണാടക സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം കൊലപാതകത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് വിപുലമായ ബന്ധമുണ്ടായിരുന്ന ഗൗരിയാണ് മാവോയിസ്റ്റുകളും സര്‍ക്കാരുമായി ചര്‍ച്ചക്ക് വഴിയൊരുക്കിയത്. പതിനഞ്ചോളം മാവോയിസ്റ്റുകളെ ഇവര്‍ മുഖ്യധാരയിലേക്ക് എത്തിച്ചിരുന്നു.
ഇതില്‍ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതാണോ കൊലയ്ക്കു പിന്നിലെന്ന് പരിശോധിക്കുന്നുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി സ്ഥിരീകരിച്ചു. കൊല്ലപ്പെടുന്ന ദിവസം ഗൗരി സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുപക്ഷ സംഘടനകളിലെ ഭിന്നതയെപ്പറ്റി പ്രതികരിച്ചിരുന്നു. വ്യാജ പോസ്റ്റുകള്‍ നാം ചിലര്‍ ഷെയര്‍ ചെയ്യാറുണ്ട്. നമുക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കാം. പരസ്പരം തുറന്നുകാട്ടാതിരിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ഒരു ട്വിറ്റര്‍ പോസ്റ്റ്.
സംഭവം അന്വേഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇവര്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഗൗരിയുടെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആവശ്യപ്പെട്ടത്.
എന്നാല്‍ ആവശ്യം തള്ളിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, സിബിഐ അന്വേഷണത്തോട് തനിക്ക് എതിര്‍പ്പില്ലെന്ന് പറഞ്ഞു. ആവശ്യത്തില്‍ ഗൗരിയുടെ കുടുംബാംഗങ്ങള്‍ ഉറച്ചു നിന്നാല്‍ അത് പരിഗണിക്കാം. മുഖ്യമന്ത്രി തുടര്‍ന്നു. ഗൗരിക്ക് വധഭീഷണിയുണ്ടായിരുന്നില്ലെന്ന് സഹോദരനും ഭീഷണി സംബന്ധിച്ച് ഒരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പോലീസും വ്യക്തമാക്കി.
55 വയസുള്ള ഗൗരിയെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത ശേഷം ഗേറ്റടയ്ക്കാന്‍ ഗൗരി എത്തിയപ്പോള്‍ അക്രമികള്‍ ഏഴു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ അവരുടെ തലയിലും കഴുത്തിലും നെഞ്ചത്തും തറഞ്ഞുകയറി. നാലെണ്ണം മതിലിലാണ് ഏറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: