കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ചെയര്മാന് എം വി വത്സലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി 8ന് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. രാവിലെ 10.30 ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിക്കുന്ന പ്രചരണ ജാഥ സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വേലായുധന് ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപനം 9ന് വൈകീട്ട് 5മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഇരിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ജാഥയ്ക്ക് 8ന് പാനൂര്‍,കൂത്തുപറമ്പ്,മട്ടന്നൂര്‍,ഇരിട്ടി,ചക്കരക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 9 ന് ശ്രീകണ്ഠാപുരം,തളിപ്പറമ്പ്,പയ്യന്നൂര്‍,പഴയങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ സമാപിക്കും.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പലതവണ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ഇതേകുറിച്ച് പഠിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഒരു നടപടിയും ഇതേവരെ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 40 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം .
യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും വരുമാനം 40 ശതമാനത്തോളം കുറയുകയും ചെയ്തതോടെ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് വത്സലന്‍ പറഞ്ഞു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കഴിഞ്ഞമാസം 18ന് ഒരു ദിവസം സൂചനാ പണിമുടക്ക് സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും യാതൊരു അനുകൂല തീരുമാനങ്ങളും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: