കൊല്‍ക്കത്ത: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ഭഗിനി നിവേദിതയുടെ പേരിലുള്ള ട്രസ്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനത്തിനുള്ള അനുമതിയാണ് മമത ബാനര്‍ജി സര്‍ക്കാര്‍ നിഷേധിച്ചത്. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും പങ്കെടുക്കുന്ന സമ്മേളനമാണിത്.
ഭഗിനി നിവേദിത ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനു നല്കിയ സംഭാവനകളെക്കുറിച്ചുള്ള പ്രഭാഷണത്തിനായാണ് സംഘാടകര്‍ ഈ സമ്മേളനത്തിലേക്ക് മോഹന്‍ ഭാഗവതിനെ ക്ഷണിച്ചത്. എന്നാല്‍ പിറ്റേന്ന് മുഹറമാണ് എന്ന കാരണം പറഞ്ഞാണ് സര്‍ക്കാരിന്റെ നടപടി.
ഒക്ടോബര്‍ മൂന്നിന് കൊ ല്‍ക്കത്തയിലെ മഹാജതി സദര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഓഡിറ്റോറിയം നേരത്തേ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കി.
കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം ബുക് ചെയ്തതെന്ന് സംഘാടകരായ സിസ്റ്റര്‍ നിവേദിതാ മിഷന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി രന്തിദേബ് സെന്‍ഗുപ്ത പറഞ്ഞു. സമ്മേളനത്തിനുള്ള എല്ലാ തയാറെടുപ്പുകളും ജൂലൈയില്‍ പൂര്‍ത്തിയാക്കിയതാണ്. ഓഡിറ്റോറിയത്തിന്റെ ബുക്കിങ് റദ്ദാക്കിയതായി ആഗസ്ത് 31ന് അറിയിച്ചു. അനുമതിക്കായി പോലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. സെപ്തംബര്‍ ഒന്നിന് അധികൃതര്‍ വീണ്ടും വിളിച്ചു. ഓഡിറ്റോറിയത്തില്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്നും സമ്മേളനത്തിനുള്ള ബുക്കിങ് റദ്ദാക്കുകയാണെന്നും അറിയിച്ചു, രന്തിദേബ് വിശദീകരിച്ചു.
സെപ്തംബര്‍ മുപ്പതിന് വിജയദശമി ദിവസമാണ്. ബംഗാളില്‍ ഒക്ടോബര്‍ ഒന്നിന് മുഹറം. എന്നാല്‍ ഭഗിനി നിവേദിതയെക്കുറിച്ച് മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തുന്നത് മുഹറത്തെ എങ്ങിനെ ബാധിക്കുമെന്ന് അറിയില്ല, രന്തിദേബ് ചോദിച്ചു. മറ്റൊരു വേദിയില്‍ സമ്മേളനം നടത്താനാണ് സംഘാടകരുടെ തീരുമാനം. വേദി നിശ്ചയിച്ചതിനു ശേഷം ഗവര്‍ണറേയും മോഹന്‍ ഭാഗവതിനേയും അറിയിക്കും.
ഭാഗവതിനെ വിലക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജനുവരിയില്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതാണ്. എന്നാല്‍ പോലീസിന്റെ നടപടി ഹൈക്കോടതി തടഞ്ഞു. ആര്‍എസ്എസ് സ്ഥാപന ദിനമായ വിജയദശമി ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെതിരെ നീങ്ങാന്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: