ആലപ്പുഴ: വാഹനത്തില്‍ ആനകളെ കൊണ്ടു പോകാന്‍ 2012 ലെ നാട്ടാന പരിപാലന നിയമം കര്‍ശനമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല, തുറവൂരില്‍ മുല്ലയ്ക്കല് ബാലകൃഷ്ണനുണ്ടായ അപകടത്തിനും മറ്റൊന്നല്ല കാരണം.
1, കയറ്റും മുമ്പ് ഭക്ഷണം കൊടുക്കണം. 2, കരുതല്‍ ഭക്ഷണം വാഹനത്തില്‍ ഉണ്ടായിരിക്കണം. 3, നടത്തിക്കൊണ്ടാണ് പോകുന്നതെങ്കില്‍ ഒരു ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്തരുത്. 4, പന്ത്രണ്ട് അടി നീളത്തില്‍ കുറഞ്ഞ വാഹനങ്ങള്‍ ആനകളെ കൊണ്ട് പോകാന്‍ ഉപയോഗിക്കരുത്.
5. പന്ത്രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ 12 മണിക്കൂര്‍ വിശ്രമം അത്യാവശ്യം. 6, മിനിമം വേഗതയെ പാടുള്ളു. വാഹനം പെട്ടന്നുള്ള ബ്രേക് ചെയ്യല്‍ ഒഴിവാക്കണം (ആനയ്ക്ക് പരിക്കേല്‍ക്കാനുള്ള സാദ്ധ്യതയുണ്ട്). 7, ഒരു വണ്ടിയില്‍ മിനിമം രണ്ടു പാപ്പാന്മാര് ഉണ്ടാവണം.
ഈ നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇതൊന്നും നടക്കാറില്ല. നാട്ടാനകളില്‍ വളരെ കുറഞ്ഞ എണ്ണത്തിന് മാത്രമാണ് ഇന്ന് ശരിയായ പരിചരണം ലഭിക്കുന്നത്. ബാക്കിയുള്ളവ അനുഭവിക്കുന്നത് ദുരിതങ്ങളാണ്.
നാട്ടാനകളെ പരിപാലിക്കുന്നത് സംബന്ധിച്ച 18 നിര്‍ദ്ദേശങ്ങളാണുള്ളത് ജില്ലാ തലത്തില്‍ ആനകളെ പരിപാലിക്കുന്നത് പരിശോധിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഉത്തരവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പുവരുത്തണം. മദപ്പാടിലുള്ള ആനയെ എഴുന്നള്ളിക്കരുത്. രോഗം, ബാധിച്ചതോ, ക്ഷീണിച്ചതോ, ഗര്‍ഭിണിയോ ആയിട്ടുള്ള ആനകളെ എഴുന്നള്ളിക്കരുത്. മൂര്‍ച്ചയേറിയ അഗ്രമുള്ള ചങ്ങല ഉപയോഗിച്ച് ആനയെ ബന്ധിക്കരുത്. വിശ്രമമില്ലാതെ ടാറിട്ട റോഡിലൂടെ ആനയെ പകല്‍സമയത്ത് നടത്തിക്കരുത്, ആഘോഷത്തിന്റെ പേരില്‍ കാലുകള്‍ ബന്ധിച്ച് ആനയെ ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തരുത്.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭ്യമാക്കണം, പടക്കങ്ങള്‍ പോലുള്ള ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുക്കള്‍ക്ക് സമീപം നിര്‍ത്തരുത്, ആനകള്‍ക്ക് പകല്‍ സമയത്ത് തണല്‍ ലഭ്യമാക്കണം, എഴുന്നള്ളിപ്പ് സമയത്ത് വോളന്റിയര്‍മാരെ നിര്‍ത്തി ആനയ്ക്ക് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാക്കണം, അഞ്ചോ അതിലധികമോ ആനകള്‍ പങ്കെടുക്കുന്ന ആഘോഷസ്ഥലത്ത് എലഫന്റ് സ്ക്വാഡിലെ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കണം, എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങള്‍ ആഘോഷത്തിന് മൂന്ന് ദിവസം മുമ്പുതന്നെ ആനയെ പങ്കെടുപ്പിക്കുന്ന വിവരം പോലീസ് സ്റ്റേഷനിലും ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനിലും അറിയിക്കണം.
എഴുന്നള്ളിപ്പ് സമയങ്ങളില്‍ ആനയുടെ കാല് ചങ്ങല കൊണ്ട് ബന്ധിക്കണം, ഒന്നര മീറ്ററില്‍ കുറവ് ഉയരമുള്ള ആനകളെ എഴുന്നള്ളിക്കരുത്, പറ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കണം. അവയെ രാവിലെ 6 മുതല്‍ 11 മണി വരെയും വൈകിട്ട് 4 മുതല്‍ 8 മണി വരെയും മാത്രമേ എഴുന്നള്ളിക്കാവൂ, കൂടാതെ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ ആനകള്‍ക്കും ലഭ്യമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: