കോട്ടയം: അക്ഷരങ്ങളുടെ നഗരിയായ കോട്ടയത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരത ജില്ലയാക്കാന്‍ ആരംഭിച്ച യജ്ഞത്തിന്റെ അമരക്കാരനായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. ഓരോരുത്തരെയും അക്ഷരം പഠിപ്പിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി. അക്ഷരം പഠിക്കേണ്ടെന്നു നിര്‍ബന്ധം പിടിച്ചവരുണ്ടായിരുന്നു അക്കാലത്ത് കോട്ടയം ജില്ലയില്‍. അവരെ സ്‌നേഹത്തിന്റെ വാക്കുകളില്‍ പൊതിഞ്ഞ് അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഔദ്യോഗിക തിരക്കുകള്‍ക്കിടെ വീണു കിട്ടുന്ന അല്‍പനേരത്തെ വിശ്രമവേളകള്‍ ഉപേക്ഷിച്ചായിരുന്നു കളക്ടര്‍ കണ്ണന്താനം പഠിതാക്കളെ തേടിയിറങ്ങിയത്.
സാക്ഷരതാ പ്രേരകുമാര്‍ ചില വീടുകളില്‍ എത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെ അന്ന് ഉണ്ടായി. സാക്ഷരതാ പ്രവര്‍ത്തര്‍ക്ക് ധൈര്യവും പിന്തുണയും നല്‍കി കളക്ടര്‍ കൂടെ നിന്നു. പിണങ്ങി നിന്നവരുടെ വീട്ടില്‍ നേരിട്ടെത്തി അവര്‍ക്ക് അക്ഷരമധുരം പകര്‍ന്നു. അക്കാലത്ത് മുട്ടമ്പലം റെയില്‍വേ പുറമ്പോക്കിനോട് ചേര്‍ന്നുണ്ടായിരുന്ന കുളങ്ങര വീട്ടിലെ കെ.കെ. കരുണാകരനെ ശിഷ്യനായി സ്വീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം അക്ഷരം പഠിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. പഠിപ്പു പൂര്‍ത്തിയായപ്പോള്‍ കലക്ടര്‍ക്കു തന്നെ ആദ്യ കത്തെഴുതിയാണു കരുണാകരന്‍ ഗുരുദക്ഷിണ സമര്‍പ്പിച്ചത്.
കരുണാകരന്റെ വീടിന്റെ തൊട്ടടുത്തു താമസിച്ചിരുന്ന ബിന്ദു എന്ന 11 വയസ്സുകാരി പെണ്‍കുട്ടിയെയും കലക്ടര്‍ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പന്നിപ്പടക്കം കയ്യിലിരുന്നു പൊട്ടി തള്ളവിരലും ചൂണ്ടുവിരലും നടുവിരലും നഷ്ടപ്പെട്ട കുട്ടിയായിരുന്നു ബിന്ദു. അന്നു നഗരത്തിലുണ്ടായിരുന്ന 32 വാര്‍ഡുകളിലും സാധാരണ സാക്ഷരതാ പ്രേരകിനെപ്പോലെ കളക്ടറും അലഞ്ഞു നടന്നു. കോട്ടയം നഗരത്തിന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ നഗരം എന്ന അപൂര്‍വ സ്ഥാനം നേടിക്കൊടുത്തപ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയായിരുന്നു അത്.
















