കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. എറണാകുളത്തെ കോടതി പരിസരത്തുവച്ചു പിടിയിലാകുന്നതിന്റെ തലേദിവസം മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവുകളാണ് പോലീസിനു ലഭിച്ചത്. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുനി സ്ഥാപനത്തിലെത്തിയെന്നും കാവ്യയെ അന്വേഷിച്ചു എന്നുമാണ് ജീവനക്കാരന് മൊഴി നല്‍കിയത്.
ലക്ഷ്യയിലെത്തുമ്പോള് സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു. ദിലീപുമായി ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് സുനി ഇവിടെ എത്തിയതെന്ന് പോലീസ് അനുമാനിക്കുന്നു. കാവ്യ കടയിലില്ലെന്നും ആലുവയിലാണെന്നും അറിഞ്ഞശേഷം സ്ഥാപനത്തിന്റെ വിസിറ്റിങ് കാര്‍ഡും വാങ്ങിയാണ് സുനി മടങ്ങിയത്. ഈ വിസിറ്റിങ് കാര്‍ഡ് അന്വേഷണ സംഘത്തിനു പള്‍സര്‍ സുനിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിനെ സാധൂകരിക്കുന്ന പ്രധാന തെളിവുകളിലൊന്നാകും ഈ വിസിറ്റിങ് കാര്‍ഡ്.
പോലീസിന്റെ പിടിയിലാകുന്നതിനു മുമ്പ് കാക്കനാട്ടെ ലക്ഷ്യയില്‍ പോയിരുന്നെന്ന് പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, ലക്ഷ്യയുടെ സമീപത്തെ മറ്റൊരു കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ സുനിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
കേസിലെ മാഡം, കാവ്യ മാധവനാണെന്ന് കഴിഞ്ഞ ദിവസം സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനു മൊഴി നല്‍കിയത്. കാവ്യയുടെയും സുനിയുടെയും മൊഴിയില്‍ വൈരുധ്യമുണ്ട്. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: