മുത്തലാഖ് ഇസ്ലാമിക ശരീഅത്തില്പ്പെടുന്നില്ലെന്നുള്ള സുപ്രീംകോടതിയുടെ വിധി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുകുലുക്കി. അതോടൊപ്പം സര്‍ക്കാരിനോട് അതിനനുസരിച്ച് ഉത്തരവുകളും നിയമങ്ങളും നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു.
കാലാകാലങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അനുസരിച്ച് ജീവിതക്രമങ്ങളും മാറുന്നു. അങ്ങനെ മാറുന്ന വ്യക്തിനിയമങ്ങള്‍ ആവശ്യമില്ലെന്നും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ സര്‍വ്വജ്ഞനായ അല്ലാഹു മാനവകുലത്തിനായി അവതരിപ്പിച്ച ഇസ്ലാമിക ശരീഅത്ത് നിയമം, എന്നെന്നും നിലനിര്‍ത്തണമെന്നും വലിയൊരു വിഭാഗം ഇസ്ലാം മതവിശ്വാസികള്‍ ശഠിക്കുന്നു. മറിച്ച് ജനാധിപത്യരാജ്യത്ത് തെരഞ്ഞെടുപ്പ് ജയിച്ച് ഭരണകക്ഷിയുടെ പ്രകടനപത്രികയില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുകയെന്നത് ബാധ്യതയായി കരുതുന്നു.
അഗാധമായ ദൈവഭക്തിയാല്‍ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവസരം കൊടുക്കാതിരിക്കുന്നത് മതേതര സംസ്കൃത രാജ്യത്തിന് ഭൂഷണമല്ല. അതിനാല്‍ ശരിഅത്തിനനുസരിച്ചല്ലാതെ ഇഹലോകജീവിതം പാഴായിപ്പോകുമെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അവസരം നല്കിയാല് രമ്യമായി പ്രശ്നം പരിഹരിക്കാവുന്നതാണ്. മുസ്ലിങ്ങളില്‍ തന്നെ വ്യത്യസ്ത രീതിയില്‍ ശരീഅത്തിനെ സമീപിക്കുന്നവരുണ്ട്. പ്രധാനമായി അഞ്ചായി തിരിക്കാം.
ഒന്ന്: സാത്വികരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പുരോഹിതര്‍
രണ്ട്: സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി ഇസ്ലാമായി അഭിനയിക്കുന്ന കപട വിശ്വാസികള്‍. ഇവര്‍ സൗകര്യത്തിനനുസരിച്ച് ഇസ്ലാമിനെ ഉപയോഗിക്കുന്നു.
മൂന്ന്: മുസ്ലിം കുടുംബത്തില്‍ ജനിച്ചു. മുസ്ലിമായി തുടരുന്നു. തീവ്രവാദമൊന്നുമില്ല. സാധാരണക്കാരനായി ജീവിക്കാനാഗ്രഹിക്കുന്നു.
നാല്: ദായക്രമം, സമത്വം, ലിംഗവിവേചനം എന്നിവയില്‍ ഇസ്ലാമിക ക്രമങ്ങള്‍ പുരുഷകേന്ദ്രീകൃതമായി വ്യാഖ്യാനിക്കുന്നതില്‍ പരിഭവവും എതിര്‍പ്പുമുള്ള സ്ത്രീകളും പുരുഷന്മാരും.
അഞ്ച്: മതശാസനകള്‍ കാലഹരണപ്പെട്ടതാണെന്ന് കരുതി ജീവിതത്തില്‍ ആചരിക്കാത്തവര്‍.
മേല്‍പ്പറഞ്ഞ അഞ്ചുവിഭാഗവും വ്യത്യസ്തരീതിയിലാണ് മതത്തിനേയും ശരീഅത്തിനേയും കാണുന്നതും സ്വീകരിക്കുന്നതും ആചരിക്കുന്നതും. ആദ്യവിഭാഗത്തിലെല്ലാവരും മൂന്നാം വിഭാഗത്തില്‍ താല്‍പ്പര്യമുള്ളവരും ശരീഅത്തില്തന്നെ ജീവിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ജനാധിപത്യസമൂഹത്തിന് പ്രശ്നങ്ങളുണ്ടാക്കാത്ത നിലയില്‍ അവരുടെ മതവിശ്വാസവും ശരീഅത്തും നിലനിര്‍ത്താന്‍ വ്യക്തിപരമായി അവരെ അനുവദിക്കണം. അത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയാല്‍ പൊതുസിവില്‍ കോഡില്‍ നിന്നവരെ ഒഴിവാക്കണം. അവരുടെ മക്കളും പ്രായപൂര്‍ത്തിയാവുന്നതുവരെ മാതാപിതാക്കളുടെ നിയമത്തിനു കീഴിലായിരിക്കുകയും, പ്രായപൂര്‍ത്തിയാവുന്നതോടെ ഇഷ്ടമുള്ള വ്യക്തിനിയമമോ പൊതുസിവില്കോഡോ തിരഞ്ഞെടുക്കാനുള്ള അവസരമെടുക്കണം.
തിരഞ്ഞെടുക്കാനുള്ള അവസരം: തിരഞ്ഞെടുക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് നല്കിയാല് പലരും ലിംഗ അസമത്വവും പ്രാകൃത ശിക്ഷാവിധികളും ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ആരെങ്കിലും മതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരലോകത്തെ ശാശ്വതമായ ജീവിതം ലഭിക്കാനായി നശ്വരമായ ഇഹലോകജീവിതത്തില്‍ എന്തും നഷ്ടപ്പെടാന്‍ തയ്യാറാണെങ്കില്‍ അത് സമൂഹവിരുദ്ധമല്ലാത്തിടത്തോളം, ഈ ഭൂമിയില്‍ സന്തോഷപൂര്‍വം ജീവിക്കാന്‍ അനുവദിക്കണം. ഈ അവകാശം ഒരു പരിഷ്കൃത സമൂഹത്തിനും നിഷേധിക്കാനാവില്ല.
നിഷേധിക്കാനുള്ള അവസരം: മറിച്ച് ലിംഗവിവേചനവും തുല്യാവകാശങ്ങളും ശരീഅത്ത് നഷ്ടപ്പെടുത്തുന്നുവെന്ന് കരുതുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും, അന്തസ്സും സമത്വവും മാന്യതയും വ്യക്തിത്വവും കാംക്ഷിക്കുന്നവര്‍ക്കും, കാലത്തിനും ഉപകരണങ്ങള്ക്കുമനുസരിച്ച് നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പൊതുസിവില്‍കോഡ് സ്വീകരിക്കാന്‍ അവസരം നല്‍കണം. ശരിയായ ആത്മീയബോധം ഉള്‍ക്കൊള്ളുന്നവരും പൊതുസിവില്‍ നിയമം സന്തോഷപൂര്‍വം സ്വീകരിക്കും. താന്‍ സമ്പാദിച്ച സ്വത്തും തന്റെ ആണ്-പെണ് മക്കള്‍ക്കും തുല്യമായി വിവേചനമില്ലാതെ വിഹിതം തന്റെ കാലശേഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും, തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയെ സങ്കല്പ്പിക്കാന് പോലും ആവാത്ത സ്ത്രീ സമൂഹത്തിലെ ഭൂരിപക്ഷവും പൊതുസിവില്‍കോഡ് തിരഞ്ഞെടുക്കും.
അനുഭവങ്ങള്‍: നിര്‍ബന്ധമായും ശരീഅത്ത് വേണമെന്ന് ശഠിക്കുന്ന അഗാധമായ ആത്മാര്‍ത്ഥതയും ദൈവഭക്തിയും നിസ്വാര്ത്ഥതയുമുള്ളവരും ആദ്യവകുപ്പില്‍ ശരീഅത്തിനെ സ്വീകരിക്കും. ഇഹലോകത്തിലെ ഒന്നും അവര്‍ പരലോക വിജയത്തിനായുള്ള ശരീഅത്ത് നിയമങ്ങള്‍ക്ക് പകരമായി കരുതുന്നില്ല. ഈ ലേഖകന്റെ മാതാപിതാക്കള്‍ അത്തരക്കാരായിരുന്നു. പരലോക വിജയത്തിനാണവര് ജീവിച്ചതുമുഴുവന്‍. സമ്പത്തും ധനവും പ്രശസ്തിയും എത്ര വേണമെങ്കിലും സമ്പാദിക്കാനവസരമുണ്ടായിട്ടും തന്റെ ജീവിതം ദൈവതാല്പ്പര്യത്തിനായി ഉഴിഞ്ഞുവച്ചപ്പോള്‍ മറ്റുള്ളവരുടെ അപ്രീതിയും വിഷമവും വിദ്വേഷവും പരിഗണിച്ചതേയില്ല. ഇസ്ലാം എന്നത് ഒരു ജീവിതവ്യവസ്ഥയെന്നതിനേക്കാള് ശരിയായ രീതിയില്‍ മരിക്കാനുള്ള വ്യവസ്ഥയായാണ് മതപണ്ഡിതനായ പിതാവ് കണ്ടെത്തിയത്. അദ്ദേഹത്തിനതിനു യുക്തിസഹമായ കാരണവുമുണ്ടായിരുന്നു. അതായത് ഇഹലോകജീവിതം താല്ക്കാലികമാണ്, നശ്വരമാണ്. വിജയം അനിവാര്യമായത് പരലോകത്തിലാണ്. അത് ലഭിക്കാന്‍ ശരിയായി മരിക്കണം. ഇസ്ലാം അതിനുള്ള വ്യവസ്ഥയാണ്. ഇങ്ങനെ ആത്മാര്‍ത്ഥമായും വിശ്വസിച്ചു. ഈ ലോകത്തെ ജീവിതത്തെ ഈ രീതിയില്‍ കാണുന്നവരുടെ മതവിശ്വാസം തടഞ്ഞാല്‍ അവരുടെ ജീവിതലക്ഷ്യം തന്നെ തകരും.
സ്മരണക്കായി: അവര്‍ അവരുടെ വിശ്വാസം വലിയ ആഗ്രഹത്തോടെ എനിക്ക് പകര്‍ന്നെങ്കിലും പരിശീലിപ്പിച്ചെങ്കിലും എനിക്കത് സ്വീകരിക്കാനോ പിന്‍പറ്റാനോ കഴിഞ്ഞില്ല. എന്റെ ലോകവിജ്ഞാനത്തിലും വീക്ഷണത്തിലും അത് വിഭാഗീയവും ഭൂരിപക്ഷം മാനവര്‍ക്കും വിരുദ്ധവുമായിരുന്നു. അതുകാരണം അവര്‍ വിഷമത്തോടെയാണ് അന്ത്യശ്വാസം വലിച്ചത്. അവരുടെ മനസ്സ് എനിക്ക് വായിക്കാമായിരുന്നെങ്കിലും ഞാന്‍ നിസ്സഹായനായിരുന്നു. കപടവിശ്വാസം പ്രകടിപ്പിക്കാന്‍ എനിക്കായില്ല. ഈ കുറിപ്പുകള്‍ അവരുടെ മനശ്ശാന്തിക്കുള്ള എന്റെ സ്മരണാഞ്ജലിയായി കണക്കാക്കുന്നതിനാലാണ് സ്വതവേ മടിയനായ ഞാനിതെഴുന്നത്. അവരെപ്പോലെ മതഭക്തിയും ആത്മാര്‍ത്ഥതയുമുള്ള മനുഷ്യര്‍ക്കെല്ലാം ജീവിക്കാന്‍ അവസരമുണ്ടാവണം.
ചരിത്രപരമായ കടമ: ഇസ്ലാമിക തീവ്രവാദം സൗദി അറേബ്യയിലെ അബ്ദുല്‍ വഹാബില്‍നിന്ന് തുടങ്ങുന്നു. അത് ഈജിപ്തിലെ ഹസനുല്‍ ബന്ന, മുഹമ്മദ് ഖുതുബ് എന്നിവരുടെ മുസ്ലിം ബ്രദര്‍ ഹുഡായും ഇന്ത്യയില്‍ മൗലാന മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയായും വളര്‍ന്നു. വഹാബികളായ മുസ്ലിം രാജാക്കന്മാരുടെയും സമ്പന്നരുടെയും അനുഗ്രഹത്താല്‍ ഉസാമ ബിന്‍ ലാദനിലൂടെ അമേരിക്കയുടെയും സഹായത്താല്‍ അഫ്ഗാന് ഭരണം തകര്‍ത്ത് ആത്മവിശ്വാസം നേടി. ലിബിയ, സിറിയ, ഈജിപ്ത് മുതലായ രാജ്യങ്ങളിലെ പരിമിതജനാധിപത്യത്തില് തെരഞ്ഞെടുത്ത ഭരണങ്ങളെയാകെ അട്ടിമറിച്ചതോടെ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടു. സ്പോണ്‍സറായ അമേരിക്കയ്ക്കുപോലും ഭീഷണിയായി വളര്‍ന്നുവരുന്നു. പല പേരുകളില്‍ പല വേഷത്തിലും സ്ഥലകാലത്തിനനുസരിച്ച് ഈ ഭീകരസംഘടനകള്‍ വേരുറപ്പിക്കുന്നു. മുസ്ലിം ബ്രദര്‍ഹുഡ്, അല്‍ഖ്വയ്ദ, ബോക്കോഹറാം, താലിബാന്, ജെയ്ഷെ മുഹമ്മദ് മുതലായ പല മുജാഹിദീന്‍ സംഘടനകളുമായത് വളര്‍ന്നിരിക്കുന്നു. ഇസ്ലാമിക രാഷ്ട്രം ആണവരുടെ ലക്ഷ്യം. ഇങ്ങനെയുള്ള മതതീവ്രവാദം കരുതലോടെ നുള്ളിക്കളയേണ്ടിയിരിക്കുന്നു. അതിന് ബുദ്ധിപൂര്‍വമായ സമീപനം ആവശ്യമാണ്.
മതതീവ്രവാദം ഇല്ലാതാക്കാന്‍ മേല്‍സൂചിപ്പിച്ച ‘ഓപ്ഷന്’ ഉതകും. യഥാര്‍ത്ഥത്തില്‍ എത്രപേര്‍ കാലഹരണപ്പെട്ട ഈ നിയമവ്യവസ്ഥയ്ക്ക് തന്റെ മാന്യമായ ജീവിതവും അവകാശങ്ങളും കുരുതികൊടുക്കും? ഇന്നത്തെ അവസ്ഥയില്‍ മുസ്ലിമായി ജനിച്ചാല്‍ അതില്‍ വിശ്വാസമില്ലെങ്കില്‍ ശരീഅത്ത് നിയമങ്ങള്‍ ദായക്രമം, വിവാഹം, ശവമടക്കല്‍ മുതലായവ സ്വീകരിക്കാന്‍ നിര്‍ബന്ധിതനാണ്. അത് പരിഷ്കൃതലോകത്തിനപവാദമാണെന്ന് വിശ്വസിച്ചാല്കൂടി വ്യക്തിനിയമം ബാധകമാണ്. അതിനാല്‍ അത് തുടരുന്നതില്‍ വേണ്ടവര്‍ക്ക് ഒരു വിരോധവുമില്ലെങ്കിലും ആവശ്യമില്ലാത്തവര്‍ക്ക് പൊതുസിവില്‍കോഡ് ബാധകമാക്കാനുള്ള വ്യവസ്ഥകള്‍ ഇതുസംബന്ധിച്ച് തയ്യാറാക്കുന്ന നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യണം.
പലരും മുസ്ലിമായി തുടരുന്നത് വിശ്വാസം മൂലമല്ല. എതിര്‍ക്കുകയോ സംശയം പ്രകടിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ മതനിന്ദയാരോപിച്ച് വധിക്കപ്പെടാനോ ഊരുവിലക്കിനോ ഒറ്റപ്പെടുത്തുന്നതിനോ സാധ്യതയേറെയുണ്ടെന്ന് അവര്‍ ഭയപ്പെടുന്നു.
ആവിര്‍ഭാവകാലം തൊട്ട് പുരോഹിതന്മാരായ കാവല്ക്കാരാല് കാറ്റും വെളിച്ചവും കടക്കാനനുവദിക്കാതെ മാറ്റങ്ങളെ അകറ്റിയിരുന്ന മുസ്ലിം സമൂഹമനസ്സെന്ന കോട്ടയിലേക്ക് ശുദ്ധവായുവും വെളിച്ചവും എത്തുന്നതോടെ അതിന്റെ ശക്തി ക്ഷയിക്കും. സ്ഥാപിതതാല്‍പ്പര്യങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് വ്യക്തികളായി പുറത്തുവരുന്നതോടെ ഇന്ന് ലോകത്തെ ഭയപ്പെടുത്തുന്നവിധം വളരുന്ന ഇസ്ലാമിക് തീവ്രവാദത്തിനും ഇസ്ലാമോ ഫോബിയയ്ക്കും അവസാനമാകും.
ഇഷ്ടമുള്ള മുസ്ലിങ്ങള്‍ക്ക് പൊതു സിവില്‍കോഡു സ്വീകരിക്കാനുള്ള അവസരമൊരുക്കിയാല്‍ ബഹുഭൂരിപക്ഷംപേരും, കാലഹരണപ്പെട്ട ദായക്രമത്തിലും വിവാഹകുടുംബബന്ധങ്ങളിലും തുല്യതയാഗ്രഹിക്കുന്ന സ്ത്രീയും കാലഹരണപ്പെട്ട നിയമങ്ങള്‍ പരിത്യജിക്കാനും പൊതുസിവില്‍ നിയമം സന്തോഷപൂര്‍വം സ്വീകരിക്കാനും തയ്യാറാവും. ചെറിയൊരു ശതമാനം പേര് സമ്പത്തും തുല്യതമൂലമുള്ള മാന്യതയും പരിത്യജിക്കണമെന്ന് ശാഠ്യംപിടിച്ചാല്‍ അതിന് അവസരം ഉറപ്പുവരുത്തണം.
(ലേഖകന്റെ ഫോണ്‍നമ്പര്‍: 8547231269)
പ്രതികരിക്കാൻ ഇവിടെ എഴുതുക: