പ്രായം 80ലേക്ക് അടുക്കുന്നു. കൃഷിക്കാരന്‍ എന്ന മേല്‍വിലാസം ഇന്നും അഭിമാനത്തോടെ കാണുകയാണ് പട്ടാമ്പിയിലെ ഞാങ്ങാട്ടിരി കവളപ്പാറയില്‍ ഗംഗാധരനുണ്ണി നായര്‍. വിശ്രമമില്ലാതെ കൃഷിയിടത്തില്‍ മുഴുവന്‍ സമയവും തിരക്കിലാണ് ഈ മുതിര്‍ന്ന കര്‍ഷകന്‍. ഔഷധ ചെടികളും ഫലവര്‍ഗ്ഗങ്ങളും, നാടന്‍ വാഴകളുമാണ് പുരയിടത്തിലുള്ളത്. ഒരു ഭാഗത്തുള്ള വലിയ കുളം മഴ വെള്ളസംഭരണത്തിന്റെ ഉത്തമ മാതൃകയാണ് . വേനല്‍ക്കാലം രൂക്ഷമാകുമ്പോള്‍ ധാരാളം കിളികള്‍ വെള്ളം കുടിക്കാനായി ഇവിടെ എത്തുന്നത് പതിവ് കാഴ്ചയാണ്. കൃഷിയിടത്തിന്റെ ഒരു ഭാഗം ജൈവവൈവിധ്യമുള്ള കാവുകളായും പരിപാലിക്കുന്നു. കൂട്ടിന് ഭാര്യ ശ്രീദേവിയും ഒപ്പം ചേരുമ്പോള്‍ 90 വര്‍ഷം പഴക്കമുള്ള വീട് പ്രകൃതിയുടെ തറവാട് കൂടിയായി മാറുന്നു. വീടിനു ചുറ്റും തുളസിചെടികളാല്‍ ജൈവവേലി നിര്‍മ്മിച്ചുകൊണ്ട് കൊതുകുകളെ അകറ്റി നിര്‍ത്തു ന്നതില്‍ ഒരു പരിധിവരെ ഇവര്‍ വിജയിച്ചിട്ടുണ്ട്.
സ്വന്തം അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് കൃഷിയിലും ഗംഗാധരനുണ്ണി ആവര്‍ത്തിച്ചത്. ചെറുപ്പത്തില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി വേണ്ടെന്നു വച്ച് കാര്‍ഷിക രംഗത്ത് ഉറച്ചുനിന്ന ഗംഗാധരനുണ്ണി, നെല്‍ വിത്തുകളുടെ ശേഖരണം ,സംസ്‌കരണം, സംഭരണം , മുളപ്പിക്കല്‍ എന്നിവയില്‍ കഴിവ് തെളിയിച്ച അപൂര്‍വ്വം കര്‍ഷകരില്‍ ഒരാളാണ്. പലവിത്തുകളും മുളയ്‌ക്കുന്ന സമയത്തിന് വ്യത്യാസമുണ്ടായിരിക്കും. മുളച്ചുകഴിഞ്ഞാലും അതിനുമുമ്പും നല്‍കുന്ന നനവ് കൃത്യമായിരിക്കണം. ഓരോയിനം വിത്തുകള്‍ക്കും വേണ്ടതായ നന സ്വയം നിരീക്ഷിച്ചു തന്നെ കണ്ടെത്തണം. തൊഴിലാളികളുടെ കുറവും ആരോഗ്യപ്രശ്‌നങ്ങളും നെല്‍ കൃഷിയില്‍ നിന്നകറ്റിയെങ്കിലും മറ്റു വിളകളുമായി ഇപ്പോഴും സജീവമായി തുടരുന്നത് കൃഷിയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണെന്ന് ഗംഗാധരനുണ്ണിയുടെ സാക്ഷ്യം.
നിലമ്പൂരിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങി തോട്ടത്തില്‍ നട്ടുവളര്‍ത്തിയ നാലായിരത്തോളം തേക്കു തൈകള്‍ പരിപാലിക്കുന്നതിലൂടെ സാമൂഹ്യ വനവത്ക്കരണത്തിനും മാതൃകയാവുകയാണ്. കറ്റാര്‍ വാഴ, കൂവളം, പനിക്കൂര്‍ക്ക , കരുനെച്ചി , അത്തി, രുദ്രാക്ഷം, ആര്യവേപ്പ്, തുളസി , വെറ്റില, ചെറൂള , രാമച്ചം തുടങ്ങി ഔഷധസസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ പുരയിടത്തിലുണ്ട്. ഇഞ്ചി, മഞ്ഞള്‍ , കുരുമുളക് , ജാതിക്ക , ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയ സുഗന്ധവിളകളോടൊപ്പം ചേമ്പ് , ചേന , കാവത്ത്, കോവക്ക ,കൂര്‍ക്ക, മരച്ചീനി തുടങ്ങിയ നാടന്‍ ഇനങ്ങളും സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് ചെയ്യുന്നത്.
മനസ്സില്‍ ഭൂമിയെ അമ്മയായും ദേവിയായും സ്ഥാനം നല്‍കുന്ന ഗംഗാധരനുണ്ണി അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ മണ്ണൊരിക്കലും ചതിക്കില്ലെന്ന് വിശ്വസിക്കുന്നു.
ഫോണ്‍: 9597086701 ( സംയോജനം: അജയ് ആർ കാർണവർ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: