ജനനത്തിനും മരണത്തിനുമിടയ്ക്കുള്ള ഇത്തിരിദൂരത്തെ ഒത്തിരി ജീവിതയാത്രയില്‍ കാണേണ്ടിവരുന്നത് പലമുഖങ്ങള്‍, ഭാവങ്ങള്‍, വേഷങ്ങള്‍. പണവും ഉന്നതങ്ങളിലെ സ്വാധീനവും ജോലിയും ബന്ധുബലവുമാണ് ഇന്ന് ഒരു വ്യക്തിക്ക് സമൂഹത്തില്‍ നിലയും വിലയും നല്‍കുന്നത്, അല്ലെങ്കില്‍ നല്‍കുന്നതായി വരുത്തിത്തീര്‍ക്കുന്നത്. ലോകം കാപട്യത്തിന്റേയും സ്വാര്‍ത്ഥതയുടേയും പിടിയിലമരുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ അടിത്തറ സുരക്ഷിതമാക്കാന്‍ എവിടെയൊക്കെയോ ചില മുഖങ്ങള്‍. മഹത്വം ഒരു ആന്തരികമേന്മയാണ്. അതിനെ വാനോളം അല്ലെങ്കില്‍ വിശ്വത്തോളമെന്നു വേണമെങ്കിലും വിശേഷിപ്പിക്കാം. മനുഷ്യധര്മ്മത്തിന്റേയും മൂല്യസംരക്ഷണത്തിന്റേയും നേര്‍ചിത്രമാണ് തൊടുപുഴ സ്വദേശി സിജുവിന്റേയും പുനലൂര്‍ പട്ടാഴി സ്വദേശിനി സുജയുടേയും മുഖത്ത് കാണാന്‍ കഴിയുന്നത്. പേരിലെ സാമ്യം പോലെതന്നെ പ്രവൃത്തിയിലും രണ്ടുപേരും ഒരേ തട്ടില്‍ നില്ക്കുന്നു. നന്മയുടെ പൂമരമായി.
വെള്ളാനിയുടെയും തങ്കമ്മയുടെയും നാലുമക്കളില്‍ ഇളയപുത്രനാണ് സിജു തൊടുപുഴയില്‍ സ്കൂള്‍ വിദ്യാഭ്യാസവും, മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ പ്രീഡിഗ്രിയും കഴിഞ്ഞശേഷം സിജു മരപ്പണിക്ക് പോയിത്തുടങ്ങി. 2004 മുതല്‍ 2008 വരെ തിരുവാങ്കുളത്തും കുന്നംകുളത്തും വടക്കാഞ്ചേരിയിലും പ്രചാരകനായിരുന്നു. ഈ കാലയളവില്‍ ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടി. പലയിടങ്ങളിലും ജോലിനോക്കിയ സിജു 2008ല്‍ സ്വന്തം നാട്ടിലെത്തി. അവിടെ തന്നെക്കാത്ത് ഒരു ദുരന്തം പതിയിരിപ്പുണ്ട് എന്നറിയാതെ.
2009 മാര്‍ച്ച് 11 ന് ഒരു വീടിന്റെ മേല്ക്കൂരനന്നാക്കുന്നതിനിടയില് മുകളില്‍ നിന്നും വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് തൊടുപുഴ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സ തുടങ്ങി. മുഖ്യമായും ഫിസിയോതെറാപ്പിയായിരുന്നു. പിന്നീട് കുറച്ചുകാലം ആയുര്‍വേദം. അതിനുശേഷം കോട്ടയത്ത് സ്റ്റെംസെല്‍ തെറാപ്പി. അതായത് ഇടുപ്പെല്ലില്‍ നിന്ന് കല (ടിഷ്യൂ) ശേഖരിച്ച് മരുന്ന് ചേര്‍ത്ത് നട്ടെല്ലില്‍ കുത്തിവയ്ക്കല്‍. നശിച്ച കോശങ്ങളെ വളര്‍ത്തിയെടുക്കാന്‍. ശരിക്കും വിത്തുകോശചികിത്സ എന്നു തന്നെ പറയാം. കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലുരോഗ വിദഗ്ധന്‍ പ്രൊ. പി.എസ്.ജോണ്‍ ആയിരുന്നു ചികിത്സകന്. 15 കുത്തിവയ്പ്പ് എടുത്തെങ്കിലും കാര്യമായ മാറ്റം കണ്ടില്ല. ഏഴുവര്‍ഷത്തിനു ശേഷം 2016-ല്‍ ഒറ്റപ്പാലത്തെത്തി നിര്മ്മലാനന്ദഗിരിസ്വാമിയുടെ കീഴില്‍ ആയുര്‍വേദ ചികിത്സ. ഒന്നാം ഘട്ടം കഴിഞ്ഞ് ആറുമാസത്തേയ്ക്കുള്ള മരുന്നുമായി ഇടവേള. അടുത്തഘട്ടമായപ്പോഴേക്കും സ്വാമി സമാധിയായി.
സിജുവിന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിട്ട് എട്ടുവര്‍ഷമായി. എങ്കിലും ആത്മധൈര്യത്തിന് തെല്ലും കുറവില്ല. ഇരുന്നുകൊണ്ടുതന്നെ ജോലിതുടര്‍ന്നു. കട്ടില് പണിതു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്ന ജോലിനോക്കി. ആ കാലഘട്ടത്തിലാണ് സിജുവിന്റെ അച്ഛന് പെങ്ങളുടെ മകനില്‍ നിന്ന് സുജ ഈ വിവരങ്ങളെല്ലാം അറിയുന്നത്. ശിവശങ്കരന്റേയും അമ്മിണിയുടെയും മൂന്നു പെണ്മക്കളില് മൂത്തമകളായ സുജ മലയാളത്തില്‍ ബിരുദാനന്തരബിരുദവും സംസ്കൃതത്തില്‍ ടി.ടി.സിയും നേടിയിട്ടുണ്ട്. അധ്യാപികയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുഴുവന്‍ സമയപ്രവര്ത്തകയുമായിരുന്നു. രാഷ്ട്രസേവികാസമിതി വിഭാഗത്തിന്റെ കാര്യവാഹികയായും ബാലഗോകുലം ശില്പശാലയിലെ മുഖ്യശിക്ഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ചുമതല വഹിച്ച സുജയ്ക്ക് എഴുത്തിനോടും വായനയോടും താല്പര്യം.
സിജുവിനെക്കുറിച്ച് കേട്ടറിഞ്ഞ സുജ, സിജുവിനെ കാണാതെ തന്നെ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ഒരു കൈത്താങ്ങുണ്ടെങ്കില്‍ സിജുവിന് ഇനിയും ഒരുപാടു മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മനസ്സിലാക്കി തന്റെ തീരുമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. കാരുണ്യമോ സഹതാപമോ അല്ല, ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് അടിയുറച്ച വിശ്വാസമാണ് സിജുവിലേക്ക് സുജയെ അടുപ്പിച്ചടത്.
തീരുമാനം നടപ്പാക്കാന്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. ആദ്യതടസ്സം സിജുതന്നെയായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത സിജുവിന് സുജയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല തന്റെ ജീവിതത്തിലെ പരിമിതികളെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തിലെ അനിശ്ചിതത്വത്തെക്കുറിച്ചും സുജയെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഫലവും കണ്ടില്ല. അവസാനം സുജയുടെ സ്നേഹത്തിനു മുന്പില് സിജുവിന് കീഴടങ്ങേണ്ടിവന്നു. ഇരുവീട്ടുകാരും ആദ്യം എതിര്‍ത്തു. സിജുവിന്റെ സ്ഥാനത്ത് തനിക്കായിരുന്നു ഈ അവസ്ഥയെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന സുജയുടെ ചോദ്യത്തിനുമുമ്പില്‍ സുജയുടെ അമ്മ നിശബ്ദയായി. ഏറ്റവുമൊടുവില്‍ വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളി. സുജയ്ക്ക് അച്ഛനെ നഷ്ടമായിട്ട് ഏഴുവര്‍ഷം കഴിഞ്ഞു.
ഈ എട്ടുവര്ഷകാലത്തോളം ചികിത്സയ്ക്കായി ഇപ്പോള്‍ പ്രജ്ഞാ പ്രവാഹ് ചുമതല വഹിക്കുന്ന ജെ. നന്ദകുമാറും സംഘസ്വയംസേവകരും മുന്‍കൈയ്യെടുത്ത് സഹായിച്ചു. വിവാഹനിശ്ചയം നടത്താമെന്ന തീരുമാനമായപ്പോഴേക്കും സിജുവിനെ കിടക്കപ്പുണ്ണ് എല്ലോളം ബാധിച്ചു. 2016 സെപ്തംബര്‍ 12ന് കോലാനി ഗോകുലം ബാലമന്ദിരത്തില്‍ വിവാഹ നിശ്ചയം നടത്തിയശേഷം എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സ തുടങ്ങി. മൂന്നുമാസത്തോളം നടത്തിയ ചികിത്സയ്ക്കൊടുവില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രോഗം ഭേദപ്പെടുത്തി. ആ കാലയളവില്‍ സിജുവിന് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നത് സുജയായിരുന്നു. ലഭിച്ച തുകയെല്ലാം ചികിത്സയ്ക്കായി ചിലവഴിച്ചു. മുന്പോട്ടുള്ള ജീവിതത്തിന് വരുമാനം അത്യാവശ്യമായപ്പോള്‍ വായ്പയ്ക്ക് അപേക്ഷിച്ചു. അങ്ങനെ തൊടുപുഴയില്‍ വീടിനടുത്തുതന്നെ കോലാനി വെങ്ങല്ലൂര്‍ ബൈപ്പാസില്‍ ജന്‍ ഔഷധി തുടങ്ങി. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സിജുവിന് വീട്ടിലും കടയിലും ഓരോ വീല്‍ചെയറുണ്ട്. യാത്രചെയ്യായി പ്രത്യേകതരം സ്കൂട്ടറും. സ്വന്തം വീട്ടില്‍ വണ്ടി കയറാനുള്ള വഴി ഇല്ലാത്തതുകൊണ്ട് അത് വാടകയ്ക്കുകൊടുത്ത് മറ്റൊരു വാടകവീട്ടില്‍ താമസിക്കുന്നു.
സുജ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു സിജുവിന് ഇനിയും ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്. ഇന്നലെയായിരുന്നു പുനലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍വെച്ച് ഇവരുടെ വിവാഹം. വിവാഹശേഷവും മുഴുവന്‍ സമയപ്രവര്‍ത്തകയായി സംഘത്തില്‍ തുടരണമെന്നുതന്നെയാണ് സുജയുടെ ആഗ്രഹം. വിവാഹം ഒന്നിനും ഒരു തടസ്സമായിരിക്കരുതെന്നു പറയുന്ന സിജുവിന്റെയും സിജുവിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരിക്കുന്ന സുജയുടെയും ജീവിതത്തില്‍ എന്നെന്നും സന്തോഷം നിറയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: