തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ എത്രയും വേഗം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെന്റുകള്‍ രംഗത്തെത്തി. എന്‍.ആര്‍.ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളായി മാറ്റുന്നുവെന്നാണ് ആരോപണം.
ബുധനാഴ്ച ആരംഭിച്ച സ്പോട്ട് അഡ്മിഷന്‍ ഇപ്പോഴും തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും മാനേജുമെന്റ് അസോസിയേഷന്‍ ആരോപിച്ചു. സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചെന്നും മാനേജുമെന്റുകള്‍ പറഞ്ഞു. അതേസമയം, ഒഴിവുള്ള സീറ്റുകള്‍ മെറിറ്റ് സീറ്റിലേക്ക് മാറ്റുന്നതില്‍ തെറ്റില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഒഴിവുവന്ന 111 സീറ്റുകള്‍ മെറിറ്റ്, സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവയ്‌ക്കുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ 20 ലക്ഷം രൂപ ഫീസിനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാന്‍ കഴിയുമായിരുന്ന സീറ്റുകളാണ് മാനേജുമെന്റുകള്‍ക്ക് നഷ്ടമാകുന്നത്.
















