തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ ഗ്യാരണ്ടിക്ക് ‘നോ ഗ്യാരണ്ടി’യെന്നാണ് രക്ഷിതാക്കളുടെ നിലപാട്. അന്തിമ ഫീസ് എത്രയായിരിക്കുമെന്ന് അറിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാതെ മടങ്ങി. കൂടാതെ ബാങ്ക് ഗ്യാരണ്ടി ലഭിക്കാന്‍ മൂന്നാമതൊരാള്‍ കൂടി ഗ്യാരണ്ടി നില്‍ക്കണമെന്ന നിബന്ധനയും വിദ്യാര്‍ത്ഥികള്‍ക്ക് വിലങ്ങുതടിയായി.
മൂന്നാമതൊരാള്‍ ഗ്യാരണ്ടിക്ക് തയ്യാറായാല്‍ സര്‍ക്കാരിന്റെ ആവശ്യം ഇല്ലല്ലോ എന്നാണ് രക്ഷിതാക്കളുടെ ചേദ്യം. അതോടെയാണ് കൂടുതല്‍ പേരും മെഡിക്കല്‍ പഠനം ഉപേക്ഷിക്കാന്‍ തയ്യാറായത്. ബാങ്കുകള്‍ ഗ്യാരണ്ടിക്കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കുകയോ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് വ്യക്തമാക്കി ചില കോളേജുകള്‍ രംഗത്തെത്തിയെങ്കിലും അതിനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വിശ്വാസത്തിലെടുക്കാനായിട്ടില്ല.
ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് നിര്‍ണയിച്ചാലും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നവംബര്‍ ആദ്യവാരമെങ്കിലുമാകും. ആ ഫീസ് മാനേജ്‌മെന്റിന് സ്വീകാര്യമായില്ലെങ്കില്‍ അവര്‍ വീണ്ടും ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കും. അത് അനന്തമായി നീളും. ആറ് മാസത്തെ ബാങ്ക് ഗ്യാരണ്ടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുക. അത് കഴിഞ്ഞ് താങ്ങാനാകാത്ത ഫീസ് വന്നാല്‍ മൂന്നാമതായി ഗ്യാരണ്ടി നില്‍ക്കുന്ന ആളില്‍ നിന്ന് ഫീസ് ഈടാക്കും. അല്ലെങ്കില്‍ ബാങ്ക് ജപ്തി നേരിടേണ്ടിവരും.
താങ്ങാനാകാത്ത ഫീസാണെങ്കില്‍ വലിയ ബാധ്യതയിലേക്കാകും തങ്ങളെ തള്ളിവിടുകയെന്നാണ് രക്ഷിതാക്കളുടെ ഭീതി. ഇതോടെ സര്‍ക്കാര്‍ ഗ്യാരണ്ടിക്ക് എന്ത് ഗ്യാരണ്ടിയാണ് ഉള്ളതെന്നാണ് രക്ഷിതാക്കളുടെചോദ്യം.
















