കണ്ണൂര്‍: ജില്ലയിലെ വിവിധ തൊഴില്‍സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍, അസി.ലേബര്‍ ഓഫീസര്‍ കെ,കരുണാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ്-തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
തളിപ്പറമ്പ് മലബാര്‍ ഫ്യൂയല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് വ്യവസ്ഥയനുസരിച്ച് മൊത്തവരുമാനത്തിന്റെ 17.4 ശതമാനം ബോണസ് ലഭിക്കും. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പി.എന്‍.ഷൈജു, യൂണിയനെ പ്രതിനിധീകരിച്ച് എ.പ്രേമരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുണ്ടയാട് കെ എസ് ഡിസ്റ്റിറിയിലെ തൊഴിലാളികള്‍ക്ക് ബോണസ് ആക്ട് പ്രകാരം പ്രതിമാസം 7000 രൂപ നിജപ്പെടുത്തി 20 ശതമാനം ബോണസും 1500 രൂപ എക്‌സ്‌ഗ്രേഷ്യാ അലവന്‍സും ലഭിക്കും. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കെ,ശ്രീധരന്‍, യൂണിയനെ പ്രതിനിധീകരിച്ച് കെ.അശോകന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മാങ്ങാട്ടുപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സുല്‍ഫെക്‌സ് മാട്രസ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മൊത്തവരുമാനത്തിന്റെ 12.5 ശതമാനം ബോണസ് ലഭിക്കും. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് വി.പി.മധു. യൂണിയനെ പ്രതിനിധീകരിച്ച് കെ.അശോകന്‍, പി വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലയിലെ സിനിമാ തിയ്യേറ്ററുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൊത്തശമ്പളത്തിന്റെ 20 ശതമാനം ബോണസ് ലഭിക്കും. എക്‌സ്‌ഗ്രേഷ്യ അലവന്‍സായി റിലീസിങ്ങ് തിയ്യേറ്ററുകളില്‍ മൊത്ത ശമ്പളത്തിന്റെ അഞ്ചര ശതമാനവും ബി ക്ലാസ് തിയ്യേറ്ററുകളില്‍ മൂന്നര ശതമാനവും ലഭിക്കും. തൊഴിലുടമകളെ പ്രതിനിധീകരിച്ച് പി.വി.ബഷീര്‍, യൂണിയനെ പ്രതിനിധീകരിച്ച് എം.ബാലന്‍, എം.വിജയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















