പത്തനംതിട്ട: വ്യത്യസ്ത ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും പരസ്പരഭിന്നതകളും ഉള്ള സഭകള്‍ വിശാലമായ എക്യൂമിനിക്കല്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് കെസിസിയില്‍ ഉള്ളതെന്ന് ജനറല്‍സെക്രട്ടറി ഫാ.ഡോ.റെജിമാത്യു പറഞ്ഞു.
വ്യക്തമായ നിബന്ധനകളിലും ജനാധിപത്യ സംവിധാനങ്ങളിലൂടെയുമാണ് കെസിസിയില്‍ ഏതൊരു പുതിയ സഭയ്‌ക്കും അംഗത്വം നല്‍കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അപേക്ഷ കെസിസി മെമ്പര്‍ഷിപ്പ് കമ്മറ്റി സൂക്ഷ്മമായി പരിശോധിച്ച് അംഗത്വത്തിനായി യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയതാണ്.
എക്‌സിക്യൂട്ടീവ് കമ്മറ്റി ഐകകണ്‌ഠ്യേന സ്വീകരിച്ച ശുപാര്‍ശ വിശദ ചര്‍ച്ചകള്‍ക്കുശേഷം കെസിസി ത്രൈവാര്‍ഷികസമ്മേളനത്തില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം പാസ്സാക്കിയതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ എല്ലാ സഭാമേലധ്യക്ഷന്മാര്‍ക്കും കെസിസി വിശദമായ കത്ത് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
















