പത്തനംതിട്ട: കേരളാകൗണ്‍സില്‍ ഓഫ്ചര്‍ച്ചസില്‍ (കെസിസി) പുതിയ അംഗത്വം നല്‍കുന്നത് സംബന്ധിച്ച് ഭിന്നിപ്പ്. അഭിപ്രായഐക്യം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കെസിസി സ്ഥാപകാംഗങ്ങളില്‍പ്പെട്ട സിഎസ്‌ഐ സഭ കെസിസിയില്‍നിന്നു പിന്മാറി. കെസിസിയുമായി സഹകരിക്കുന്നില്ലെന്നു മാത്രമല്ല ഇവരുടെ പരിപാടികള്‍ക്ക് സിഎസ്‌ഐ സഭയുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കെണ്ടെന്നും കേരളാ റീജണല്‍ സിനഡില്‍ തീരുമാനിച്ചു.
കേരളത്തിലെ ക്രൈസ്തവസഭകളുടെ എക്യുമിനിക്കല്‍ വേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് അംഗത്വം നല്‍കിയതില്‍ പ്രതിഷധിച്ചാണ് കെസിസിയില്‍ നിന്നുള്ള സിഎസ്‌ഐ സഭയുടെ പിന്മാറ്റം. ആറു വര്‍ഷമായി കെസിസിയില്‍ അംഗത്വത്തിന് ബിലീവേഴ്‌സ് ചര്‍ച്ച് ശ്രമിച്ചു വരികയായിരുന്നു. സിഎസ്‌ഐ സഭയുടെ എതിര്‍പ്പാണ് അംഗത്വം നല്‍കാതിരിക്കാനുള്ള കാരണം. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റില്‍ അടൂരില്‍ ചേര്‍ന്ന കെസിസിയുടെ ത്രൈവാര്‍ഷിക സമ്മേളന പൊതുയോഗത്തില്‍ ഇവര്‍ക്ക് അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
1950ല്‍ കൊല്ലം സിഎസ്‌ഐ പള്ളിയില്‍ രൂപംകൊണ്ട കെസിസിയില്‍ ഇപ്പോള്‍ കേരളത്തിലെ പതിനേഴ് എപ്പിസ്‌ക്കോപ്പല്‍-കോണ്‍ഗ്രിഗേഷണല്‍ സഭകളും ഇരുപത്തൊന്ന് സഭാസംഘടനകളും അംഗങ്ങളാണ്. കത്തോലിക്കാസഭ അംഗമല്ല. പെന്തകോസ്ത് സഭകള്‍ക്ക് അംഗത്വം നല്‍കിയിട്ടല്ല. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ പലതും ബിലീവേഴ്‌സ് ചര്‍ച്ചിനെ എപ്പിസ്‌ക്കോപ്പല്‍ സഭയായി അംഗീകരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നിരിക്കെ കെസിസിയിലെ അംഗത്വത്തിലൂടെ മറ്റുള്ളവരുടെയും അംഗീകാരം നേടിയെടുക്കാനാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നീക്കം.
















