കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകള്‍ വഴി ജില്ലയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് 3.07 കോടിയുടെ സബ്‌സിഡി. ജില്ലയില്‍ 192 സംഘങ്ങള്‍ക്ക് കീഴില്‍ 270 ഓണച്ചന്തകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ്രപധാനപ്പെട്ട 13 ഇനം ഭക്ഷ്യവസ്തുക്കള്‍ ഈ ചന്തകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് സഹകരണ ഓണച്ചന്തകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മൊത്തവിതരണകേന്ദ്രം വഴി ഇതുവരെ 7,67,79966 രൂപയുടെ സാധനങ്ങളാണ് സഹകരണ ചന്തകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ 30 മുതല്‍ 40 ശതമാനം വരെയാണ് സബ്‌സിഡി. അങ്ങനെ കണക്കാക്കിയാല്‍ ഏകദേശം 3,07,11986 രൂപയാണ് സഹകരണ ചന്തകളിലെ വില്‍പ്പനയിലൂടെ ജനങ്ങളുടെ കയ്യിലെത്തുന്നത്.
പൊതുവിപണിയില്‍ 41 രൂപയുള്ള ജയ അരി 25 രൂപക്കാണ് ഓണച്ചന്തയില്‍ വില്‍ക്കുന്നത്. 44 രൂപ വിലയുള്ള കുത്തരി 24 രൂപക്കും 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും ഓണച്ചന്തയിലൂടെ ലഭിക്കുന്നു. വെളിച്ചെണ്ണക്ക് ലിറ്ററിന് 170 രൂപയാണ് വിപണി വില. എന്നാല്‍ ഓണച്ചന്തയില്‍ വെളിച്ചെണ്ണക്ക് 90 രൂപമാത്രമാണ്. 80 രൂപയുടേതാണ് വ്യത്യാസം. 90 രൂപ പൊതുവിപണിയില്‍ വിലയുള്ള കടല 43 രൂപക്കും 95 രൂപയുള്ള ചെറുപയര്‍ 66 രൂപക്കുമാണ് വില്‍പ്പന നടത്തുന്നത്. 56 രൂപക്ക് ഓണച്ചന്തയില്‍ ലഭിക്കുന്ന വറ്റല്‍ മുളകിന് 95 രൂപയാണ് വിപണി വില. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഇവയെല്ലാം വിപണി നിരക്കിനേക്കാള്‍ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍ക്കും ഓണച്ചന്തയില്‍ പൊതു വിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവുണ്ട്. ഈ ഇനത്തില്‍ വരുന്ന ചെറുപയര്‍ പരിപ്പിന് വിപണിയില്‍ 95 രൂപയുള്ളപ്പോള്‍ 64 രൂപക്കാണ് ഓണച്ചന്തയിലെ വില്‍പ്പന. കിലോ 83 രൂപ വിലയുള്ള പീസ് പരിപ്പ് 50 രൂപക്ക് ലഭിക്കും.സംസ്ഥാനത്താകെ 3500 ഓണച്ചന്തകളാണ് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ളത്. ഇവയിലൂടെ 200 കോടി രൂപയുടെ വില്‍പ്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സപ്തംബര്‍ മൂന്ന് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
















