കൊച്ചി: ബാങ്ക് ഗാരന്റി നല്‍കാത്ത കാരണത്താല്‍ മാത്രം സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിനര്‍ഹതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും അഡ്മിഷന്‍ നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരില്‍ പഠന മികവുള്ളവര്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കണമെന്നും ഇതിനായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടുന്നവരില്‍ നിന്ന് അധികമായി വാങ്ങുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കോര്‍പ്പസ് ഫണ്ടിന് രൂപം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ നിന്ന് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഈ തുക ഉപയോഗിക്കുമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഈ പദ്ധതിയില്‍ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
എന്‍ആര്‍ഐ സീറ്റില്‍ കഴിഞ്ഞ വര്‍ഷം 15 ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. ഇക്കുറി 20 ലക്ഷമാക്കി ഉയര്‍ത്തി. അധികമായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഫീസ് നിര്‍ണ്ണയ സമിതി കോര്‍പ്പസ് ഫണ്ടിന് രൂപം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ നിന്നുള്ള അര്‍ഹരായ കുട്ടികളെ സമിതി കണ്ടെത്തി ഈ ഫണ്ടുപയോഗിച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. മറ്റു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അര്‍ഹരായ ഒരു വിദ്യാര്‍ത്ഥിക്കും പ്രവേശനം നിഷേധിക്കപ്പെടില്ല. ആര്‍ക്കും പേടി വേണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.
ബാങ്ക് ഗാരന്റി വാങ്ങാതെ പ്രവേശനം നടത്താമെന്ന് ഒമ്പത് കോളജുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് ഗാരന്റി ലഭ്യമാക്കാന്‍ ബാങ്കുകളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു വരികയാണെന്നും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
















