തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന സ്പോട്ട് അഡ്‌മിഷന്‍ അട്ടിമറിക്കാന്‍ മാനേജുമെന്റുകളുടെ ശ്രമം. എംബിബിഎസ് സീറ്റിനായി ഇടനിലക്കാര്‍ വഴി വിലപേശലാണ് മാനേജുമെന്റുകള്‍ നടത്തുന്നത്. മുക്കം കെഎംസിറ്റിയിലെ വിലപേശലിന്റെ തെളിവ് ഒരു വാര്‍ത്താ ചാനല്‍ പുറത്തു വിട്ടു.
10 ലക്ഷം രൂപയാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്. സുപ്രീംകോടതി നിശ്ചയിച്ച ഫീസിന് പുറമേയാണ് ഈ തുക നല്‍കേണ്ടത്. ഇങ്ങനെ പണം നല്‍കുന്നവര്‍ക്ക് പ്രവേശനം നല്‍കും. ഇതിനായി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മുന്നിലുള്ളവരെ ഒഴിവാക്കും. ഇതിനെതിരെ നടപടി എടുക്കാനാവാതെ നോക്കുകുത്തിയായി സര്‍ക്കാര്‍ സംവിധാനവും മാറിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്. പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത് ഇതാദ്യമാണ്. ഫീസ് കൂടിയതാണ് ഈ സ്ഥിതിക്ക് കാരണമായത്.
അവസാന അലോട്ട്മെന്റിന് ശേഷം സാധാരണയായി 200 സീറ്റ് ആണ് പരമാവധി ഒഴിവ് വരാറുള്ളത്. എന്നാല്‍ ഇത്തവണ 690 സീറ്റുകള് ബാക്കിയായി. ഫീസ് ഒറ്റയടിക്ക് 11 ലക്ഷം ആയതും ബാങ്ക് ഗ്യാരന്റിയെ ചൊല്ലിയുള്ള ആശയക്കുഴപ്പവും ആണ് പ്രവേശനത്തില്‍ നിന്ന് കുട്ടികളെ അകറ്റിയത്. നീറ്റില്‍ ഉയര്‍ന്ന റാങ്കില്‍ ഇടംപിടിച്ചിട്ടും പണം ഇല്ലാത്തതിന്റെ പേരില്‍ പലരും എംബിബിഎസ് പഠനം ഉപേക്ഷിച്ചു.
ഒറ്റയടിക്ക് 11ലക്ഷം കയ്യിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പിക്കാം. അതായത് നീറ്റ് വന്നിട്ടും മെറിറ്റിലുള്ളവര്‍ പണമില്ലാത്തിന്റെ പേരില്‍ സീറ്റ് നഷ്ടപ്പെടുന്ന സ്ഥിതി. എംബിബിഎസ്സിന് പുറമേ 450 ബിഡിഎസ് സീറ്റിലേക്കും സ്പോട്ട് അഡ്മിഷന്‍ നടക്കും.
എന്നാല്‍ ഫീസിന്റെ കാര്യത്തില്‍ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതേ സമയം ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് ബാങ്കുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ കാര്യമായ ഫലം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ഇതിന് പിന്നാലെയാണ് സ്പോട്ട് അഡ്‌മിഷന്‍ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നത്.
















