തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ്‌സി നീക്കിയേക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണിത്. ബുധനാഴ്ച ചേരുന്ന പരീക്ഷ മോണിറ്ററിങ് സമിതിയാണ് വിഷയം പരിഗണിക്കുക.
പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കേണ്ടെന്നാണ് പി.എസ്.സിയുടെ പൊതുവായ നിലപാട്. വിവാദമുണ്ടാക്കിയ ചോദ്യങ്ങള്‍ പിന്‍വലിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്ന നിഗമനത്തിലാണ് വിദഗ്ധ സമിതിയുമെത്തിയത്.
എന്നാല്‍, എത്ര ചോദ്യങ്ങള്‍ പിന്‍വലിക്കുമെന്നതിനെക്കുറിച്ച് ധാരണയിലെത്തിയിട്ടില്ല. ഇക്കാര്യവും മോണിറ്ററിങ് സമിതി വിലയിരുത്തും. ചോദ്യകര്‍ത്താവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം പൂര്‍ണമായും വിലക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. പുതുതായുണ്ടാക്കുന്ന പാനലില്‍ ബന്ധപ്പെട്ട ചോദ്യകര്‍ത്താക്കള്‍ ഉണ്ടാവില്ല.
പാലക്കാട്, പത്തനംതിട്ട എല്‍.ഡി ക്ലര്‍ക്ക് പരീക്ഷകള്‍ മാത്രമാണ് വിവാദമായത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിന് ഇരയായ വിവാദം ഗൗരവമായാണ് കൈകാര്യം ചെയ്യുന്നത്. പൊതുവിജ്ഞാനം പരിധിയില്‍ എന്തും വരാമെന്ന മുന്‍നിലപാടില്‍നിന്ന് പി.എസ്.സി അല്‍പം അയഞ്ഞിട്ടുണ്ട്.
പൊതുവിജ്ഞാന വിഭാഗത്തിലെ 30 ചോദ്യങ്ങളില്‍ ഒന്നുപോലും ഇന്ത്യയെയോ കേരളത്തെയോ കുറിച്ചുണ്ടായില്ലെന്നാണ് പ്രധാന പരാതി. ചൈനയും ജര്‍മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങളിലധികവും.
മധ്യ അറ്റ്‌ലാന്റിക് പര്‍വതനിരയുടെ നീളം, കിഴക്കന്‍ അയര്‍ലന്‍ഡില്‍ 1922-ല്‍ രൂപവത്കരിച്ച സ്‌റ്റേറ്റ്, ദക്ഷിണാര്‍ധ ഗോളത്തിലുണ്ടായിരുന്ന വന്‍കര, 1945-ല്‍ സോവിയറ്റ് സേന ഉപരോധിച്ച ജര്‍മന്‍ തലസ്ഥാനം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവാദമായത്.
സുഡാനിലെ നീഗ്രോകളുമായി ബന്ധപ്പെട്ട ചോദ്യം വംശീയാധിക്ഷേപമാണെന്ന ആരോപണവുമുയര്‍ന്നു. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്നതാണ് ചോദ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. രണ്ടുലക്ഷത്തിലേറെ പേരാണ് പരീക്ഷ എഴുതിയത്.
















