മാനന്തവാടി: ബക്രീദ്, ഓണം ആഘോഷങ്ങള്‍ പ്രമാണിച്ച് മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ പേരില്‍ തെരുവോര കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധമുയരന്നു.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ചന്തയും കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കാരും വ്യാപാരം നടത്തി വന്നിരുന്ന ഭാഗങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മാനന്തവാടി മൈസൂര്‍ റോഡ് ബസ് സ്റ്റോപ്പ് മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് വരെയും, എരുമത്തെരുവ് കെ.എസ്.ആര്.ടി.സി. ഗ്യാരേജ് ജംഗ്ഷന് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയും, കോഴിക്കോട് റോഡില്‍ ടാക്സി സ്റ്റാന്റ് മുതല്‍ ഗ്രെയ്സ് ഹോട്ടല്‍ ജംഗ്ഷന് വരെയും തെരുവോര കച്ചവടം പൂര്‍ണമായും നിരോധിക്കാനാണ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തത്.
മാനന്തവാടി കോഴിക്കോട് റോഡില്‍ ലത്തീന്പള്ളിക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് തെരുവോര കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക സ്ഥലം അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നിലവില്‍ പാര്‍ക്കിംഗിനായി മാത്രം ഉപയോഗിക്കുന്ന ഈ ഭാഗത്ത് തെരുവ് കച്ചവടക്കാരെ ഉള്‍കൊള്ളാനുള്ള സ്ഥല സൗകര്യവുമില്ല. അതോടൊപ്പം വാഹന പാര്‍ക്കിംഗിനായി നഗരത്തില്‍ നിലവിലുള്ള ഏക അംഗീകൃത സ്ഥലം കച്ചവടത്തിനായി വിട്ടു നല്‍കുന്നതോടെ വാഹനവുമായി നഗരത്തിലെത്തുന്നവര്‍ ഏറെ ദുരിതത്തിലാവും. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണച്ചന്ത ഉലള്പ്പെടെ നടത്തിയിരുന്നത് ഗാന്ധി പാര്‍ക്കില്‍ വെച്ചായിരുന്നു. ഈ ഭാഗങ്ങളിലായിരുന്നു കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കരുള്പ്പടെയുള്ളവരും ഓണത്തിനോടനുബന്ധിച്ച് കച്ചവടം നടത്തിയിരുന്നത്. ടൗണിലെത്തുന്ന സാധാരണക്കാരില്‍ ഭൂരിഭാഗം പേരും കുറഞ്ഞ വില പ്രതീക്ഷിച്ച് ഈ കച്ചവടക്കാരെയായിരുന്നു ആശ്രയിച്ചിരുന്നത്.
എന്നാല്‍ നഗരസഭ തീരുമാനം സാധാരണക്കാരെയും തെരുവോര കച്ചവടക്കാാാരെയുമാണ് പ്രതികൂലമായി ബാധിച്ചിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമെടുത്ത തീരുമാനമറിയാതെ പല കച്ചവടക്കാരും കര്‍ണ്ണാടകയില്‍ നിന്നും ക്വിന്റല്‍ കണക്കിന് പൂവിനായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. നഗരത്തിലെ വ്യാപാരികളുടെ സമ്മര്‍ദ്ധ ഫലമായിട്ടാണ് തെരുവ് കച്ചവടക്കാരെ അകറ്റിയതെന്നാണ് ആക്ഷേപവുമുയരുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: