മാനന്തവാടി: മാനന്തവാടിയിലെ നടപ്പാത നിര്‍മാണം ഒന്നര വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഗതാഗത കുരുക്കില്‍ മുങ്ങുന്ന മാനന്തവാടി ടൗണിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമാകേണ്ട പാതയാണിത്. ഒരു കോടി രൂപയാണ് നടപ്പാത നിര്‍മാണത്തിനും റോഡിനും നടപ്പാതക്കും ഇടയിലുളള ഭാഗത്ത് ഇന്റര്‍ലോക്ക് ചെയ്യുന്നതിനുമായി അനുവദിച്ചിട്ടുളളത്.
പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോള്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതി യാണ് ഇഴഞ്ഞു നീങ്ങുന്നത്. ജില്ലാ ആശുപത്രി റോഡ്, ചൂട്ടക്കടവ് റോഡ്, കോഴിക്കോട് റോഡ്, സിറ്റി ജംഗ്ഷന് എന്നിവിടങ്ങളിലെ നിര്‍മാണ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ പുതിയ മന്ത്രിസഭ ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഇഴഞ്ഞ് നീങ്ങുന്ന ജോലികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ ആര്‍ക്കും കഴിയുന്നുമില്ല. പലയിടത്തും നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇടുങ്ങിയ റോഡുകള്‍ നിത്യശാപമായ മാനന്തവാടിയില്‍ നടപ്പാത നിര്‍മാണമെങ്കിലും പൂര്ത്തിയായാല്അത്രയെങ്കിലുംസഹായകരമാകുമായിരുന്നു. മാനന്തവാടിയുടെ വികസനത്തിന് സഹായകമാകുന്ന പദ്ധതികളുടെ നടത്തിപ്പില്‍ പോലും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കൊണ്ടു വന്ന വികസനപ്രവര്ത്തനമായതിനാല് സ്ഥലം എംഎല്‍എയും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാര്യമായ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോഴിക്കോട് റോഡിലെ ഗവ. ഹൈസ്കൂളിന് എതിര്‍വശത്തെ റോഡ് സൗന്ദര്യവല്‍ക്കരണ പദ്ധതിയും പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങളായി. പൊതുമരാമത്ത് വകുപ്പും നഗരസഭയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇവിടെ നിര്‍മാണം നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: