എടത്വ: എടത്വ–കളങ്ങര–മാമ്പുഴക്കരി റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞു, യാത്ര ദുഷ്‌ക്കരം. കുട്ടനാട് കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ തുടങ്ങിയതോടെയാണ് റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്.
പൈപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ തീരാത്തതിനാല്‍ റോഡ് റീ ടാറിങ്ങും വൈകുന്നു. ആറുമാസം മുന്‍പു റോഡ് നന്നാക്കാന്‍ നടപടി ആയെങ്കിലും റോഡ് കുഴിയായി തന്നെ കിടക്കുകയാണ്.
ഏഴര കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ പൂര്‍ണമായും തകര്‍ന്ന അഞ്ചു കിലോമീറ്റര്‍ ടാറിങ് നടത്താന്‍ ഒരു കോടി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മഴക്കാലത്ത് ദുരിതം വര്‍ദ്ധിച്ചു.മേയ് അവസാനത്തോടെ റോഡ് റീടാറിങ് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുംഅഞ്ചു കിലോമീറ്റര്‍ ദൂരം ടാറിങ് നടത്താനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളതെന്നും അധികൃതര്‍ പറയുന്നു.
മഴക്കാലം കഴിഞ്ഞാലുടന്‍ നിര്‍മാണപ്രവര്‍ത്തനം അരംഭിക്കുമെന്നാണ് പ്രഖ്യാപനം.
















