ബത്തേരി : പുല്‍പ്പള്ളിയിലെ ജലസംരക്ഷണ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്നു. പുല്‍പ്പളളി മേഖലയിലെ വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഉദ്ഘാടന മാമാങ്കം നിര്‍വ്വഹിച്ച മുളളന്‍കൊല്ലി-പുല്‍പ്പളളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയാണ് ഭരണാനുമതി കിട്ടാതെ അവഗണനയിലേക്ക് നീങ്ങുന്നത്.
പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎം നേതൃത്വം മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ജനകീയ പദ്ധതിയാണിതെന്നായിരുന്നു പ്രചാരണം. എണ്‍പത് കോടി ഇരുപത് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ജലസംരക്ഷണ പദ്ധതിയുടെ നടത്തിപ്പ് ചുമതല മണ്ണുസംരക്ഷണ വകുപ്പിനാണ്. പദ്ധതി രേഖയുടെ പ്രകാശനവും ഇതുസംബന്ധിച്ച വിപുലമായ കാര്‍ഷികസെമിനാറും കഴിഞ്ഞ മെയ് 21ന് സംസ്ഥാന ധന മന്ത്രി ഡോ.തോമസ് ഐസക്കാണ് നിര്‍വ്വഹിച്ചത്. മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്കുളള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20കോടി രൂപ അനുവദിച്ചതായും അന്ന് ധന മന്ത്രി പ്രഖ്യാപിച്ചതാണ്. ജൂണ്‍ പതിനഞ്ചിനകം പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നും അന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഏറെ വൈകാതെ ജൂണ്‍ ഒന്നിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പദ്ധതി നടത്തിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടത്തി. ഈ പദ്ധതിയുടെ ഭാഗമായി പുല്‍പ്പളളിയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിയ്ക്കാന്‍ കാലാവസ്ഥാ പഠനകേന്ദ്രവും ഉടനെ തുടങ്ങുമെന്നും കൃഷിമന്ത്രി ഉറപ്പുനല്‍കിയതാണ്. മൂന്ന്മാസം കഴിഞ്ഞിട്ടും ഒരു വര്ഷമാപിനിപോലും സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിയില്‍ ഏറ്റവും മാതൃകാപരമായ പദ്ധതിയെന്ന് സംസ്ഥാന മന്ത്രിമാര്‍ പോലും പാടി നടന്ന പദ്ധതിയാണിത്.
1994 സെപ്റ്റമ്പര്‍ 22ന് കബനീനദിക്ക് കുറുകെ കേരളത്തേയും കര്‍ണ്ണാടകത്തേയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പപാലത്തിന് ഇരു സംസ്ഥാനങ്ങളിലേയും അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും വീരപ്പമൊയ്ലിയും ചേര്‍ന്ന് നടത്തിയ ശിലാസ്ഥാപന മാമാങ്കത്തോടാണ് ഈ ഉദ്ഘാടനത്തെയും പലരും ഉപമിക്കുന്നത്. അവഗണനയുടെ സ്മാരകമായി കബനിക്കരയില്‍ ഇന്നും ആ ശിലാഫലകത്തിന്റെ പൊട്ടിപൊളിഞ്ഞ അവശിഷ്ടം മാത്രമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: