സോള്‍: അമേരിക്കയും ദക്ഷിണകൊറിയയും തമ്മില്‍ സംയുക്തമായി സൈനികാഭ്യാസം നടത്തിയാല്‍ നിര്‍ദയമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. കഠിനമായ ശിക്ഷയാകും യുഎസിനുമേല്‍ നടപ്പാക്കുകയെന്നും ഉത്തര കൊറിയ വ്യക്തമാക്കി. സൈനികാഭ്യാസത്തിനിടെ ഉപയോഗിക്കുന്ന മാരകായുധങ്ങള്‍, ഏകാധിപതി കിം ജോങ് ഉന്നിന്റെ തലയറുക്കുന്നതിനുള്ള പരിശീലനത്തിനായിട്ടാണ് എത്തിച്ചിരിക്കുന്നതെന്നും ഉത്തരകൊറിയ ആരോപിക്കുന്നു.
അതിനിടെ, ഞായറാഴ്ച പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയും ഉത്തരകൊറിയ പുറപ്പെടുവിച്ചിരുന്നു. ദുഷ്ടശക്തിയായ യുഎസിന്റെ വിധി ഇവിടെ അവസാനിക്കുകയാണ്. ഭയത്തിലും ആകാംക്ഷയിലും വേണം യുഎസ് ഇനി കഴിയേണ്ടതെന്നും വിഡിയോയില്‍ പറയുന്നു.
വൈസ് പ്രസിഡന്റ് മൈക്കല്‍ പെന്‍സ് അടക്കമുള്ളവരുടെ ചിത്രങ്ങള്‍ അഗ്‌നിക്കിരയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു ദിവസം നീണ്ടുനിന്ന ഉള്‍ചി ഫ്രീഡം ഗാര്‍ഡിയന്‍ സൈനികാഭ്യാസമാണ് യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്നത്. 17,500 യുഎസ് സേനാംഗങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നത്.
















