പത്തനംതിട്ട: ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്കൂളിലെ കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം വിസ്മയക്കാഴ്ചയായി. ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ എടുത്ത ചിത്രങ്ങള്‍ ലോക ഫോട്ടോഗ്രാഫി ദിനത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
ഏറെ താല്പര്യത്തോടെയാണ് കുട്ടികള്‍ ഇതില്‍ പങ്കാളികളായത്. വീട്ടിലെ താറാവ് കുഞ്ഞുങ്ങള്‍ക്ക് പിന്നാലെ ഓടിയാണ് പ്രീ പ്രൈമറിക്കാരി അഞ്ജന മൊബൈലില്‍ ഫോട്ടോ പിടിച്ചത്. അത്തിമരത്തില്‍ ഇടയ്ക്ക് എത്തുന്ന കരിയിലക്കിളിയെ അഞ്ചാം ക്ലാസിലെ അര്ജുന് കാത്തിരുന്ന് ഫോട്ടോ എടുത്തു. സ്കൂളിനു മുന്നില്‍ ഇഴഞ്ഞു നീങ്ങിയ പുഴുവിനെ പകര്‍ത്താന്‍ ഒന്നാം ക്ലാസുകാരന് കൃഷ്ണദേവിന് അദ്ധ്യാപിക മൊബൈല്‍ ഫോണ്‍ നല്കി സഹായിച്ചു.
രക്തകണ്ഠസ്വാമി ക്ഷേത്രപ്പറമ്പില്‍ തളച്ചിരുന്ന മണികണ്ഠന് ആനയെ പകര്‍ത്താന്‍ ശ്രീഹരിക്ക് ഭയമുണ്ടായില്ല.
കിണറിനുള്ളില്‍ വളര്‍ന്ന ചെടികള്‍ ആഞ്ജലീനയ്ക്കും ഓമല്ലൂരിലെ നെല്‍വയലിന്റെ ഭംഗി ആര്ശിനും വീട്ടിലെ വളര്‍ത്തു മുയലുകള്‍ അനഘയ്ക്കും ഫോട്ടോയുടെ വിഷയങ്ങളായി. പാരിസ്ഥിതിക അവബോധം വളര്‍ത്താന്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്കിയ വേനല്‍പ്പച്ച പുസ്തകത്തിന് അനുബന്ധ പഠന പ്രവര്‍ത്തനമായാണ് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ജൈവ വൈവിധ്യം എന്ന ആശയത്തില്‍ ചിത്രമെടുക്കാന്‍ അവസരം ഒരുക്കിയത്. പഠന പ്രവര്‍ത്തനമെന്ന നിലയിലാണ് എല്ലാ കുട്ടികളോടും പ്രകൃതിയിലെ ഇഷ്ടപ്പെട്ട ദൃശ്യം പകര്‍ത്തി വയ്ക്കാന്‍ പറഞ്ഞത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ക്യാമറയും ഫോണും നല്കി സ്കൂള്‍ പരിസരത്തു നിന്നും ഫോട്ടോകള്‍ എടുക്കുന്നതിനും അവസരം നല്കി. പ്രീ പ്രൈമറി മുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളും ചിത്രങ്ങളെടുത്തു. ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ് യൂണിയനാണ് ഈ പ്രവര്‍ത്തനങ്ങളില്‍ സ്കൂളിനെ സഹായിച്ചത്.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മി മനോജ് അദ്ധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കവി രാജേഷ് ചിത്തിര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍, സി.സി. അജികുമാര്‍, പുഷ്പാ സുരേഷ്, എ.കല, ആദര്‍ശ്, ആഞ്ജലീനതുടങ്ങിയവര് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: