ബത്തേരി: ഇഞ്ചികര്‍ഷകരെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബത്തേരി മുള്ളന്‍കുന്ന് കടവത്ത് അലി (57)യെയാണ് ബത്തേരി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകയില്‍ ഇഞ്ചികൃഷി നടത്തിവന്നിരുന്ന വയനാട്ടുകാരായ ഇടത്തരം കര്‍ഷകരുടെ ഇഞ്ചിക്ക് കൂടിയ വിലനല്കുമെന്ന് പറഞ്ഞ് 14 ലക്ഷം രൂപയുടെ ഇഞ്ചി വാങ്ങിയെടുത്തശേഷം പണം നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക അന്വേഷണമാരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഇഞ്ചിക്കര്ഷകരായ എട്ടോളം പേരുടെ പരാതിപ്രകാരമാണ് ബത്തേരി പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചത്.കര്‍ഷകര്‍ക്ക് വേണ്ടി നടവയല്‍ സ്വദേശിയും ഇഞ്ചി കര്‍ഷകനുമായ ജോണിയാണ് ജൂലെ 28ന് ബത്തേരി പോലീസില്‍ പരാതി നല്‍കിയത്. അഴിക്കോട് സ്വദേശി പ്രകാശനും സംഘത്തിനുമെതിരെയാണ് പരാതി. ഒരു ചാക്ക് ഇഞ്ചിക്ക് നൂറ് രൂപ മുതല്‍ ഇരുന്നൂറ് രൂപവരെ അധികം നല്‍കാമെന്ന വാഗ്ദാനവുമായാണ് സംഘം കര്‍ഷകരെ സമീപിച്ചത്. ബത്തേരിക്കാരനായ ഒരാളെ ഇടനിലക്കാരനായി നിര്‍ത്തുകയും ചെയ്തു. ചാക്കിന് ഇരുന്നൂറ് രൂപയോളം അധികം ലഭിച്ചാല്‍ തൊഴിലാളികളുടെ കൂലിക്കുള്ള വകയെങ്കിലും ലഭിക്കുമല്ലോയെന്നുള്ള തോന്നലില്‍ പാവം കര്‍ഷകര്‍ ഇവരുടെ വലയില്‍ വീഴുകയായിരുന്നു. പണം മുന്‍കൂര്‍ നല്‍കാതെ എല്ലാകര്‍ഷകര്‍ക്കും ചെക്ക് നല്‍കിയാണ് തട്ടിപ്പുസംഘം ഇഞ്ചി വാങ്ങിയത്. പിന്നീട് സംഘം ഇഞ്ചിയെല്ലാം പുറമേ വില്‍ക്കുകയും ചെയ്തു. ബാങ്കില്‍ നല്കിയ ചെക്ക് പലതവണകളായി അക്കൗണ്ടില്‍ പണമില്ലാതെ റിട്ടേണായപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം കര്‍ഷകര്‍ അറിയുന്നത്. അലിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ എല്ലാം സുഹൃത്തിന്റെ ഏര്‍പ്പാടാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ സംഘത്തിനെ വിശ്വസിച്ച് കര്‍ഷകരോട് കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാള്‍ ഗത്യന്തരമില്ലാതെ ഒളിവില്പോകേണ്ട ഗതികേടുമുണ്ടായി. പലരും ലോണെടുത്തും സ്വര്‍ണ്ണം പണയംവെച്ചുമാണ് ഇഞ്ചിക്കൃഷി തുടങ്ങിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴികളൊന്നുമില്ലെന്ന അവസ്ഥയിലാണ് കര്‍ഷകരുള്ളത്. അലിയുടെ സുഹൃത്താണ് മുഖ്യതട്ടിപ്പുകാരനെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, വേറെ ഏതെങ്കിലും കര്‍ഷകര്‍ തട്ടിപ്പിന് വിധേയമായിട്ടുണ്ടോയെന്നും അന്വേക്ഷിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: