കൊച്ചി: ഗ്രാമീണ മേഖലയിലുള്ള ജനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കാനുള്ള കേന്ദ്ര പദ്ധതി (പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍) കേരളം അട്ടിമറിച്ചു. ഡിജിറ്റല്‍ സാക്ഷരതാ പഠനത്തിനായി ഗ്രാമീണ ജനങ്ങളെ തിരഞ്ഞെടുത്ത് നല്‍കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തി. ഇതുവരെ 6730 പേര്‍ മാത്രമാണ് സംസ്ഥാനത്ത് പഠനത്തിനായി രജിസ്റ്റര്‍ ചെയ്തത്. പഠിതാക്കളുടെ എണ്ണത്തില്‍ രാജ്യത്ത് ഇരുപതാം സ്ഥാനത്താണ് കേരളം.
പതിനാലു വയസുമുതല്‍ 60 വയസു വരെയുള്ള ഗ്രാമീണ ജനങ്ങള്‍ക്കാണ് ഡിജിറ്റല്‍ സാക്ഷരത നല്‍കാന്‍ കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തില്‍ മാര്‍ച്ച് മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍, പരിശീലന പരിപാടികള്‍ മന്ദഗതിയിലാണ്.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യാ ലിമിറ്റഡ് പഠനച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നതിലേറെയും അക്ഷയ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന വില്ലേജ് തല സംരംഭകരെ (വിഎല്‍ഇ)യാണ്. എന്നാല്‍, അക്ഷയ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതും കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് തിരിച്ചടിയായി.
ഡിജിറ്റല്‍ ഉപകരണങ്ങള്‍, അവയുടെ ഉപയോഗം, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഇടപാടുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ പരിചയപ്പെടുത്തുന്ന 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സാണ് പദ്ധതിയിലുണ്ടായിരുന്നത്. പഠന കേന്ദ്രത്തെ അങ്ങോട്ട് സമീപിച്ച് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുപോലും പരിശീലനം നല്‍കാന്‍ പല അക്ഷയ കേന്ദ്രങ്ങളും തയ്യാറായില്ല. ഇതോടെ, കോഴ്‌സ് പഠിപ്പിക്കാനും പരിശീലനത്തിനുമായി സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരിക്കുകയാണ് കേന്ദ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യാലിമിറ്റഡ്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലയിടത്തും പദ്ധതി വിജയകരമായി തുടരുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഇതിനകം 28 ലക്ഷത്തിലധികം ജനങ്ങള്‍ കോഴ്‌സില്‍ ചേര്‍ന്ന് പഠനം തുടങ്ങി. ഉത്തര്‍പ്രദേശാണ് ഇതില്‍ മുന്നില്‍. നാലരലക്ഷത്തിലധികം പേരാണ് ഇവിടെ പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍ (പിഎംജി ദിശ)പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഇടപാടുകള്‍ പഠിപ്പിക്കാന്‍ കേന്ദ്രം പദ്ധതി കൊണ്ടുവന്നപ്പോള്‍ തന്നെ കേരളം മുഖം തിരിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നത് പോലും ഭാഗികമായി നിര്‍ത്തലാക്കിയാണ് സംസ്ഥാനം ഡിജിറ്റല്‍ ഇടപാടുകളെ എതിര്‍ത്തത്.
















