പത്തനംതിട്ട: ഓണപ്പരീക്ഷയ്‌ക്ക് ടൈംടേബിള്‍ നല്‍കിയിട്ടും പാഠപുസ്തകം എത്തിയിട്ടില്ലെന്ന് ആക്ഷേപം. അപ്പര്‍ പ്രൈമറിവിഭാഗത്തിലെ കുട്ടികള്‍ക്കാണ് കലാ-കായികം എന്നവിഷയത്തിനുള്ള പാഠപുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്യാത്തത്. എന്നാല്‍ അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന ഓണപ്പരീക്ഷയില്‍ ഈ വിഷയത്തില്‍ പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകര്‍ പറയുന്നു.
അതേസമയം പുസ്തകം ലഭിച്ച ഐടി പരീക്ഷയ്‌ക്കാകട്ടെ പരീക്ഷയില്ല. കല, കായികം എന്ന പേരില്‍ രണ്ടു പുസ്തകങ്ങള്‍ കഴിഞ്ഞവര്‍ഷം നല്‍കിയിരുന്നുതാനും. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് എല്ലാ പാഠപുസ്തകങ്ങളും നല്‍കി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഈ വിഷയം പഠിപ്പിക്കാന്‍ പുസ്തകം ലഭ്യമല്ലെന്നുമാത്രമല്ല പഠിപ്പിക്കാനുള്ള അദ്ധ്യാപകരും ഇല്ല.
വിഷയം പഠിപ്പിക്കാന്‍ ക്ലാസുകളിലെ ദൈനംദിന ടൈംടേബിളില്‍ സമയം നിശ്ചയിച്ചിരുന്നെങ്കിലും അദ്ധ്യാപകരും പാഠപുസ്തകവും ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് മിക്കസ്‌ക്കൂളുകളിലും കാര്യമായ പഠനം നടന്നിട്ടില്ലെന്ന് അദ്ധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈസാഹചര്യത്തില്‍ എങ്ങനെ പരീക്ഷനടത്തുമെന്ന ആശങ്കയിലാണ് അവര്‍.
സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും കലാകായികവിഷയങ്ങളില്‍ അദ്ധ്യയനം ലഭ്യമാക്കാന്‍ കേന്ദസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവതാളത്തിലാകുന്നത്. കേന്ദ്രമാനവ വിഭവശേഷിവികസന വകുപ്പ് കുട്ടികളുടെ വിദ്യാഭ്യാസഅവകാശനിയമപ്രകാരം വിവേചനമില്ലാതെ ഏവര്‍ക്കും കലാകായികവിദ്യാഭ്യാസം ലഭിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്.
പദ്ധതിക്കായി നിശ്ചിതവേതനത്തില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പാഠപുസ്തകം പോലും ലഭിക്കാത്തതിന് കാരണമെന്ന് അദ്ധ്യപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
















