ന്യൂദല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
വിവാഹ ഉടമ്പടിയുടെ പരിഷ്‌കരിച്ച മാതൃക ഇവര്‍ പ്രധാനമന്ത്രിക്ക് കൈമാറി. വിവാഹം ഔദ്യോഗികമാക്കാനും തട്ടിപ്പ് തടയാനും വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷ ഷായിസ്ത അംബര്‍ പറഞ്ഞു. വിവാഹ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് വര്‍ഷങ്ങളായി മുസ്ലിം വനിതകള്‍ ആവശ്യപ്പെട്ടു വരികയാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും പരിഷ്‌കരിച്ച മാതൃക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
വിവാഹ മോചിതരായ സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സ്വന്തം നിലക്ക് ജീവിക്കുന്നതിന് വഖഫ് സ്വത്തുക്കളില്‍ കുറച്ചു ഭാഗം നീക്കിവെക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
1986ലെ വിവാഹ മോചിതരായ മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമമനുസരിച്ച് രക്ഷിതാക്കളോ ബന്ധുക്കളോ സംരക്ഷിക്കാനില്ലാത്ത വിവാഹമോചിതയായ സ്ത്രീകള്‍ക്ക് വഖഫ് സ്വത്തുക്കളില്‍നിന്ന് ആനുകൂല്യം ആവശ്യപ്പെടാമെന്നുണ്ട്. ഇത് നടപ്പാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
















