ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് ഒരുക്കുന്നത് ഏഴുതലങ്ങളിലുള്ള സുരക്ഷാക്രമീകരണങ്ങള്‍. ദല്‍ഹി പോലീസിലെ 5000 ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് സൈനികരാണ് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്യുന്ന ചെങ്കോട്ടയില്‍ പഴുതില്ലാത്ത സുരക്ഷയാണൊരുക്കുന്നത്.
പാരാമിലിട്ടറി ഫോഴ്‌സ്, ദല്‍ഹി പോലീസ് ഉള്‍പ്പടെ വിവിധ തലങ്ങളിലായി 10,000 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 300 സിസിടിവി ക്യാമറകളും 20ഐപി ക്യാമറകളും 112 സാധാരണക്യാമാറകളും വിവിധ മേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്‌ക്കകത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മോദിയുടെ സുരക്ഷയ്‌ക്കായി 40 ക്യാമറകള്‍ ഉപയോഗിക്കും.
പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളും എത്തുന്ന വഴികളില്‍ ക്യാമറകളുടെ എണ്ണം ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എസ്പിജിക്ക് പുറമെ 500 സിസിടിവി ക്യാമറകളും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്. എന്‍എസ്ജി കമാന്‍ഡോകളുടെ പ്രത്യേകസംഘം അകത്തെ സുരക്ഷകള്‍ ക്രമീകരിക്കും. ചെങ്കോട്ടയിലും പരിസരങ്ങളിലും വിമാനങ്ങള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിക്കുന്ന രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. ദ്രുതകര്‍മ്മസേനയെയും ബോംബ് സ്വകാഡും, ഡോഗ് സ്വകാഡും സുരക്ഷാഭീഷണിയുള്ള മേഖലകളില്‍ വിന്യസിക്കും. ഹെലികോപ്ടറുകളിലൂടെയും പോലീസ് സുരക്ഷാനിരീക്ഷണം നടത്തും.
നിരീക്ഷണത്തിനായി അഞ്ച് ഡ്രോണുകളും പോലീസ് ഉപയോഗിക്കും. ലോക്കല്‍ പോലീസും പ്രത്യേക സെല്ലും സംശയകരമായ മേഖലകളില്‍ നിരീക്ഷണം നടത്തും.നഗരത്തിലെ ഹോട്ടലുകളിലും താമസമേഖലകളിലും പരിശോധനനടത്തും.
















