കോയമ്പത്തൂര്‍: പ്രധാനമന്ത്രി സ്വയംസേവകനും മുന്‍ പ്രചാരകനുമാണെങ്കിലും ആര്‍എസ്എസ് ആണ് രാജ്യത്തിന്റെ ഭരണം ചലിപ്പിക്കുന്നതെന്ന ധാരണ ശരിയല്ലെന്ന് ആര്‍എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
കോയമ്പത്തൂര്‍ മഹാനഗര്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് രാഷ്ട്രീയ പ്രസ്ഥാനമല്ല. തുടക്കത്തിലുള്ള ഈ തീരുമാനത്തില്‍ മാറ്റം വന്നിട്ടില്ല. ഭരണത്തിന്റെ കാര്യത്തില്‍ ആശയവിനിമയം സ്വാഭാവികം മാത്രമാണ്. ഇതിനെ ഇടപെടലായി കരുതുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.
സാമ്പത്തികമോ സൈനികമായോ ലോകത്തെ കീഴടക്കുന്നതല്ല ഭാരതത്തിന്റെ പാരമ്പര്യം. ലോക സമൂഹങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുകയാണ് ഭാരതം ചെയ്തത്. ആയുര്‍വേദവും യോഗയുമൊക്കെയാണ് ഭാരതം ലോകത്തിന് സംഭാവന ചെയ്തത്. ഭാരതത്തിന്റെ യശസ്സുയര്‍ത്താനുള്ള പ്രവര്‍ത്തനമാണ് ആര്‍എസ്എസ്സിന്റേത്. രാഷ്ട്രജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വയംസേവകര്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്നത് ഈ ലക്ഷ്യം വെച്ചാണ്. അദ്ദേഹം പറഞ്ഞു.
ശക്തി ഷുഗര്‍മില്‍ ചെയര്മാന് എം. മാണിക്യം ആധ്യക്ഷം വഹിച്ചു. എന്‍. സുബ്രഹ്മണ്യന്, ഡോ. സി.എ. വാസുകി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മഹാനഗര്‍ സംഘചാലക് എന്‍. സുകുമാര്‍, സേവാപ്രമുഖ് ശങ്കരനാരായണന് എന്നിവര്‍ സംസാരിച്ചു.
















