ഗോത്ര വര്‍ഗ്ഗ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗോത്ര സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രീയ മഹാസഭ അദ്ധ്യക്ഷ സി.കെ. ജാനു നിര്‍വ്വഹിക്കുന്നു
തിരുവനന്തപുരം: വനവാസി മേഖല വംശഹത്യനേരിടുന്നതായി രാഷ്‌ട്രീയ മഹാസഭ അദ്ധ്യക്ഷ സി.കെ.ജാനു. വന വാസി ദിനാഘോഷത്തോടനുബന്ധിച്ച് ഗോത്ര വര്‍ഗ്ഗ സമുദായ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഗോത്ര സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജാനു.
വനവാസികളെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഒരു കുടുംബത്തിന്റെ ക്ഷേമത്തിന് സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു കോടിയിലധികം രൂപ ചെലവഴിക്കുന്നു. എന്നാല്‍ പല ഊരുകളും അര്‍ദ്ധ പട്ടിണിയിലാണ്. ആദിവാസി ക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക സര്‍ക്കാര്‍ ചെലവഴിക്കുന്നത് അട്ടപ്പാടി മേഖലയിലാണ്. എന്നാല്‍ അട്ടപ്പാടിയില്‍ പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ ഓരോന്നായി മരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ യാതൊരു അടിസ്ഥാന സംവിധാനങ്ങളും ഇല്ല. ഈ ഊരുകളിലെ അടുത്ത വംശം ക്രമേണ ഇല്ലാതാകുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അട്ടപ്പാടിയിലെ വനവാസികളെക്കുറിച്ച് ഭാവിയില്‍ അറിയണമെങ്കില്‍ സര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ച് ടിക്കറ്റ് വച്ച് കാണിക്കേണ്ടതായി വരും.
വനവാസി ദിനാചരണം നടത്തുന്നതില്‍ പോലും സര്‍ക്കാരിന് രണ്ടഭിപ്രായമാണ്. സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദിനാചരണത്തില്‍ പങ്കെടുക്കാതെ പ്രത്യേകം ദിനാചരണം മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നു. മറ്റ് വിഭാഗങ്ങള്‍ അവരുടെ സ്വന്തം നിലയില്‍ സമുദായ ദിനാചരണം നടത്തിയാല്‍ മന്ത്രിമാര്‍ പങ്കെടുക്കും. വനവാസികളെ മനുഷ്യരായി കാണാന്‍ ഇടത് വലത് സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണ് ഇത്തരത്തിലെ പക്ഷപാതത്തിന് കാരണമെന്നും സി.കെ.ജാനു പറഞ്ഞു.
എഎംഎസ് സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. എന്‍എഎഫ് ദേശീയ പ്രസിഡന്റ് ബാലന്‍ പൂതാടി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍, കേരള ഉള്ളാട സഭ ജനറല്‍ സെക്രട്ടറി വി.ശശി, കേരള പണിയ സമാജം കെ.ബാലകൃഷ്ണന്‍, എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















