തിരുവനന്തപുരം: കേരള സ്വാതന്ത്ര്യസമരസേനാനി പെന്‍ഷന്‍, തുടര്‍പെന്‍ഷന്‍ എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ധിപ്പിച്ചു. ഇവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ നിരക്കുകള്‍ക്ക് തുല്യമായി പരിഷ്‌കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃതനിരക്കില്‍ 2000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ അംശദായം അടയ്‌ക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടയ്‌ക്കുന്നവര്‍ക്ക് 500 രൂപയുമാണ് നിലവില്‍ പെന്‍ഷന്‍. ഇനിമുതല്‍ എല്ലാവര്‍ക്കും 2000 രൂപ ലഭിക്കും. കൃഷിവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പെട്ടവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കുളള തെരഞ്ഞെടുപ്പുകളില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്ന കായിക ഇനങ്ങളില്‍ സൈക്ലിംഗിന്റെ പ്രത്യേക ഇനങ്ങളായ ട്രാക്ക്, റോഡ്, മൗണ്ടന്‍ ബൈക്ക് എന്നിവ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു കീഴിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരും. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ’അംഗീകരിച്ചു.
കോഴിക്കോട്, വയനാട് ദേശീയപാതയിലെ കൈതപ്പൊയ്‌ലില്‍ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. മുതിര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് സഹായം. ബാണാസുര സാഗര്‍ അണക്കെട്ടില്‍ വളളം മുങ്ങിമരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
















