വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ബോംബിട്ട് തകര്‍ക്കുമെന്ന് ഉത്തരകൊറിയ. ലോകത്തെ തന്നെ നശിപ്പിക്കാന്‍ സാധ്യതയുള്ള മധ്യദൂര ഹ്വസോങ്12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.
യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും വ്യക്തമാക്കി. മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കൊറിയയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നല്‍കി.
മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയോടാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ താക്കീത്.
പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗുവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവിടെ.
















