ന്യൂദൽഹി: ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ കരിയറിലെ അവസാന നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കായിക മികവിനെ വാനോളം ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലി. ബോൾട്ടിനെപ്പോലെ ഒരു മികച്ച ഓട്ടക്കാരൻ കായിക ഭൂപടത്തിൽ ഉണ്ടാകില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്.
മത്സരത്തിനു ശേഷം വിജയിയായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ ബോൾട്ടിനു മുന്നിൽ തലകുനിച്ച് ആദരവ് നൽകിയതിനെ കോഹ്‌ലി അഭിനന്ദിച്ചു. തികച്ചും ഇത്തരത്തിലുള്ള ഒരു ആദരവ് ബോൾട്ട് അർഹിക്കുന്നുണ്ട്. അത് മനസിലാക്കി തന്നെയാണ് ഗാട്‌ലിൻ ബോൾട്ടിനെ ആദരിച്ചതെന്നും കോഹ്‌ലി പറഞ്ഞു.
തങ്ങൾ ഇരുവരും പ്യൂമയുടെ ബ്രാൻഡ് അംബസഡർമാരായതിൽ സന്തോഷമുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
















