ഒപ്പമുണ്ട്: സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട്ടിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
തിരുവനന്തപുരം : ”ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുത്”- പൊട്ടിക്കരഞ്ഞ് ലളിതകുമാരി ഇതു പറഞ്ഞപ്പോള്‍ അത് കേരളത്തില്‍ സിപിഎം അക്രമികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ എല്ലാ പ്രവര്‍ത്തകരുടെയും അമ്മമാരുടെ വാക്കുകളായി. കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ അമ്മ ലളിതകുമാരി കുടുംബത്തിന്റെ ഏക ആശ്രയമായ മകന് നഷ്ടപ്പെട്ടതിലുള്ള ദുഃഖം കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് പങ്കവച്ചപ്പോള് കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
”ഒന്‍പതാം വയസ്സുമുതല്‍ എന്റെ മകന് സംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ആരെയും ദ്രോഹിച്ചിട്ടില്ല. മോനായിരുന്നു വീടിന്റെ ആശ്രയം. അവന് സ്വന്തമായി കിടപ്പാടമില്ല. നാലു ലക്ഷം രൂപ വായ്പയെടുത്തു. ഇപ്പോള്‍ താമസിക്കുന്ന കുടുംബവീടിന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. അച്ഛനു ജോലിക്കു പോവാനാവില്ല. ഞാന്‍ വീട്ടുജോലിക്ക് പോയാണ് ജീവിതം കഴിക്കുന്നത്. രാജേഷിന്റെ ഇളയവന് ഓട്ടോ ഡ്രൈവറാണ്. അവന് രണ്ട് മക്കളുണ്ട്. ഈ കുടുംബത്തിന്റെ ആശ്രയം ഇല്ലാതാക്കി. എന്റെ മോനോട് ഇത്രയും ക്രൂരത ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം”- കൈകൂപ്പികൊണ്ട് ലളിതകുമാരി പറഞ്ഞു.
രാജേഷിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭാര്യ റീനയുടെ വാക്കുകള്‍ ഇടറി. അത് പൊട്ടിക്കരച്ചിലായി. ”എപ്പോഴും പ്രവര്‍ത്തനത്തിന് പോകണമോയെന്ന് ചോദിക്കുമ്പോള്‍ ചേട്ടന് പറഞ്ഞത് എനിക്ക് സംഘമാണ് വലുതെന്നാണ്. ജീവിതത്തില്‍ സംഘം കഴിഞ്ഞേ മറ്റു കാര്യങ്ങള്‍ ഉള്ളൂ. ആ മനുഷ്യനെയാണ് ഇങ്ങനെ വെട്ടിനുറുക്കി കഷണങ്ങളാക്കിയത്. രണ്ട് കുഞ്ഞുങ്ങളും ഞാനും തനിച്ചായി. കേറിക്കിടക്കാന്‍ കിടപ്പാടം പോലുമില്ല”. അലമുറയിട്ടുകൊണ്ട് റീന പറഞ്ഞപ്പോള്‍ ജെയ്റ്റിലിയടക്കമുള്ള നേതാക്കള്‍ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി. രാജേഷിന്റെ കുടുംബത്തിന്റെയും വായ്പയുടെയും മക്കളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യങ്ങളില്‍ വേണ്ടതു ചെയ്യാമെന്നും പാര്‍ട്ടി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രത്യേക വായുസേനാ വിമാനത്തിലെത്തിയ അരുണ്‍ ജെയ്റ്റിലി 12 മണിയോടെയാണ് ശ്രീകാര്യം കല്ലമ്പള്ളിയിലെ രാജേഷിന്റെ വീട്ടിലെത്തിയത്. ദേശീയ സെക്രട്ടറി എച്ച്. രാജ, എം.പി. മാരായ നളിന്‍കുമാര്‍ കാട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്, സെക്രട്ടറിമാരായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, വക്താവ് ജെ.ആര്. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച അദ്ധ്യക്ഷന്‍ പി. സുധീര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, മണ്ഡലം പ്രസിഡന്റ് സി. സജിത്കുമാര്‍, ബിഡിജെഎസ് അദ്ധ്യക്ഷന്‍ ചൂഴാന്‍ നിര്‍മ്മലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: