കാലടി: അത്ഭുതസിദ്ധിയുള്ള റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ അന്യ സംസ്ഥാനക്കാരനായ യുവാവ് പോലീസ് പിടിയിലായി. ആന്ധ്രപ്രദേശ് സൈനിക്പുരി ഡിഫന്‍സ് കോളനിയില്‍ ജോണ്‍ മില്‍ട്ടണ്‍ എന്ന വ്യാജ പേരുള്ള മദനമോഷ രാജു (36)വാണ് പിടിയിലായത്. വ്യാജ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡും ഫോണ്‍ കണക്ഷനും തരപ്പെടുത്തിയതിനുശേഷം ഇടപാടുകാരെ ബന്ധപ്പെടുന്ന പ്രതി, റൈസ് പുള്ളറിനു അമാനുഷിക ശക്തിയുണ്ടെന്നും ഇതില്‍ ഇറീഡിയം അടങ്ങിയ ചെമ്പ് കുടമുണ്ടെന്നും ഇതിലുള്ള ഇറീഡിയത്തിന്റെ ശക്തിയനുസരിച്ച് വന്‍വില ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ് നടത്തുന്നത്.
റൈസ് പുള്ളറിന്റെ ശക്തി പരിശോധന എന്ന പേരില്‍ അരിമണി ഉപയോഗിച്ചുള്ള പരീക്ഷണവും ഇയാള്‍ നടത്തും. വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണെന്നും റൈസ് പുള്ളര്‍ വിലക്കു വാങ്ങി നല്‍കാമെന്നും പറഞ്ഞ് ലക്ഷങ്ങളാണ് ഇയാള്‍ വിലയിടുന്നത്. ആന്ധ്രപ്രദേശിലെ ഹൈദരാബാദിലെ മാക്സി സൊലുഷന്‍സ് എന്ന കമ്പനി, ശക്തിയുള്ള റൈസ് പുള്ളര്‍ കോടികള്‍ വിലയിട്ടു തിരികെ വാങ്ങുമെന്നും ഇയാള്‍ അറിയിച്ച് വലിയ തുക ഇതിനു അഡ്വാന്‍സായി സ്വീകരിച്ചിരുന്നു.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി തട്ടിപ്പു നടത്തിയ പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയുടെ കൂട്ടാളികളാണ് റൈസ് പുള്ളര്‍ വില്പനയ്ക്കായി വന്‍കിട ഹോട്ടലുകളില്‍ എത്തി തട്ടിപ്പിന് സഹായിക്കുന്നതെന്നും രഹസ്യമായി സൂക്ഷിക്കാന്‍ കൂടുതലായും നേരിട്ടുള്ള പണമിടപാടുകളാണ് നടത്തുന്നതെന്നും പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരെ സഹായിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും സിഐ സജി മാര്‍ക്കോസ് പറഞ്ഞു. പണം നഷ്ടപ്പെട്ട മേക്കാലടി സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. എസ്ഐ എന്‍.എ. അനൂപ്, പോലീസ് ഓഫീസര്‍മാരായ ഷാജി, ബേബി, ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കാലടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: