സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം എന്ന പി. നാരായണന്റെ ലേഖനത്തില്‍, വേഷസംവിധാനങ്ങളില് പല സ്ഥാപനങ്ങളും സംഘടനകളും നിബന്ധനയേര്പ്പെടുത്തിയതില് ഭാരതത്തിലെ പല മഹാന്മാര്ക്കും അനുഭവിക്കേണ്ടിവന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നു. വൃത്തിയായി വേഷം ധരിക്കണമെന്ന പൊതുതത്വം എല്ലാവരും അംഗീകരിക്കുന്നു.
ഷൂവിടാത്തതിനും പാന്റിടാത്തതിനുമൊക്കെ പലര്‍ക്കും ചില നാടുകളില്‍ നിയമനംപോലും ലഭിക്കാതെ വന്നിട്ടുണ്ട്. അര്‍ധനഗ്നനായ ഫക്കീറിന്റെ പടം ഓര്‍ക്കുന്നു. പാന്റിടുന്നവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല, സമ്പൂര്‍ണമായ പാന്റ്വല്ക്കരണം കേരളീയരുടെ പ്രതീകങ്ങളായ ‘മുണ്ടുകളെ’ കമ്പോളത്തില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നു. മുണ്ടുടത്ത് ഓഫീസില്‍ ചെന്നാല്‍ ആരും ശ്രദ്ധിക്കാതായി. തൊഴിലാളി സംഘടനകളുടെ പ്രകടനങ്ങളില്‍പ്പോലും, പ്രത്യേകിച്ച് യുവജന വിദ്യാര്‍ത്ഥി സംഘടനകളില്‍-മുണ്ടുടുത്തവര്‍ ഇല്ലാതായി. മുന്‍പ്രധാനമന്ത്രി ദേവഗൗഡ ഒരിക്കല്‍ മുണ്ടുടുത്താണ് വിദേശയാത്രക്കു പോയത്.
പുരാണേതിഹാസങ്ങളില്‍ പ്രൗഢഗംഭീരമായ രാജസദസ്സുകളില്‍ ആചാര്യന്മാരുടെ വേഷസംവിധാനങ്ങള് എത്ര ലളിതമായിരുന്നു. കായ്കനികള്‍ ഭക്ഷിച്ചായിരുന്നു അവരില്‍ പലരും ജീവിച്ചിരുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെപ്പറ്റി ഘോഷഘോരം നാം പ്രസംഗിക്കും. പാരമ്പര്യ വ്യവസായങ്ങളാകെ തകര്‍ന്നു. കൈത്തറിക്ക് പിടിച്ചുനില്ക്കാന് സാധിക്കാതായി. തെരഞ്ഞെടുപ്പുവേളകളില്‍ മാത്രം സജീവമാകുന്ന ഖാദിസ്റ്റാളുകള്. സ്കൂളുകളില്‍ കുട്ടികളും അധ്യാപകരും പാന്റിലാണിപ്പോള്. ക്ഷേത്രത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചുരീദാര്‍ സാര്‍വ്വജനികമായി. സെറ്റുമുണ്ട് കാണാന്‍ തിരുവാതിരകളിയോ ചിങ്ങം ഒന്നോ ഓണമോ കാത്തിരിക്കണം.
പണ്ടൊക്കെ പുരുഷന്മാര് രണ്ടാംമുണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസകാലത്ത് സ്കൂളുകളില്‍ അധ്യാപകര്‍ പലരും രണ്ടാംമുണ്ട് ഉപയോഗിച്ചിരുന്നു. കോളജുകളില്‍ പല അധ്യാപകരും മുണ്ട് ഉപയോഗിക്കാറുണ്ട്. നമ്മുടെ വിദ്യാഭ്യാസമന്ത്രി സെന്റ് തോമസ് കോളജില്‍ മിക്കവാറും ദിവസങ്ങളില്‍ മുണ്ടാണുപയോഗിക്കാറുണ്ടായിരുന്നത്. അസംബ്ലിയിലാണ് ഇന്ന് മുണ്ടുടുത്തവരെ കാണുന്നത്. അവിടെ പാന്റുപയോഗിക്കുന്നവര് വിരലിലെണ്ണാവുന്നവര്‍ മാത്രം. നേതാക്കള്‍ ധാരാളം മുണ്ടുപയോഗിക്കുമ്പോള്, അനുയായികള്‍ അങ്ങനെയല്ല.
കുഞ്ഞുണ്ണിമാസ്റ്ററുടെ വേഷം പ്രത്യേകതയുള്ളതായിരുന്നു. ആരും അദ്ദേഹത്തെ അംഗീകരിക്കാതിരുന്നില്ല. നമ്മുടെ പല ആചാര്യന്മാരും ഇന്നും ഷര്ട്ടിടാതെയാണല്ലോ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ദല്‍ഹിയിലെ ഒരു സ്റ്റാര്‍ഹോട്ടലില്‍ ഒരു സ്വാമിയും കുറെ ദീക്ഷാക്കാരും കടന്നുകയറിയത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴും നടപ്പിലും വേഷത്തിലും ഭാഷയിലും തമ്മില്‍ പലരും വിദേശികളെപ്പോലെ ജീവിക്കുന്നു. ആരോക്കെ ശ്രമിച്ചാലും ഇനി നമ്മുടെ നാട്ടില്‍ ഒരു സ്വദേശി പ്രസ്ഥാനം നടപ്പിലാക്കാന്‍ സാധിക്കുകയില്ലെന്നുണ്ടോ?
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
സംഘപഥത്തിലൂടെ ഒരു ഓര്‍മപുതുക്കല്‍
പി. നാരായണ്‍ജിയുടെ സംഘപഥത്തിലൂടെ ഒരു പഴയ ഓര്‍മ്മ പുതുക്കാന്‍ കഴിഞ്ഞു. ഒരിക്കലും മറക്കാത്ത ഒരു പഠനശിബിരം. 1986 ലാണ് ഞാന്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആ പഠനശിബിരത്തില്‍ പങ്കെടുത്തത്. കോഴിക്കോട് പന്തിരാംകാവില് നാരായണ്‍ജി ഓര്മക്കുറിപ്പില് എഴുതിയ, ആ ക്ഷേത്രത്തിനടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ ഒന്നാംനിലയിലായിരുന്നു പഠനശിബിരം. രണ്ട് മഹദ്വ്യക്തികളുടെ പ്രഭാഷണമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത്. പി. മാധവജിയുടെയും ദേവശിഖാമണിയുടെയും.
15 ദിവസത്തെ ഒത്തുചേരലും ആ കുളത്തിലെ രാവിലെയും വൈകിട്ടും ചാടിനീന്തിയുള്ള കുളിയും ഒരിക്കലും മറക്കാത്ത അനുഭവമാണ്. ദേവശിഖാമണിയും മാധവജിയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തതിന്റെ ഓര്‍മ്മ നാരായണ്‍ജിയുടെ പുസ്തകരൂപത്തിലുള്ള ‘സംഘപഥ’ത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആ പഠനശിബിരത്തിന്റെ അവസാനം ഹോമം നടത്തി പൂജിച്ചുതന്ന ഒരു രുദ്രാക്ഷം ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.
പി.വി. ശിവശങ്കരന്, കൊടുങ്ങല്ലൂര്‍
അനധികൃത റേഷന്‍കാര്‍ഡ്
രാഷ്ട്രീയവും അല്ലാതെയുമുള്ള സ്വാധീനം ഉപയോഗിച്ച് മുന്‍ഗണനാപട്ടികയിലുള്ള റേഷന്‍കാര്‍ഡ് കൈക്കലാക്കി വിലസുന്ന സമ്പന്നരും ഉദ്യോഗസ്ഥരും ആറുലക്ഷത്തില്‍ കവിയുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാതെ, അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന ഇക്കൂട്ടരെ നിലക്കുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഇവരെ കണ്ടുപിടിക്കാനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം ഉറപ്പാക്കേണ്ടതാണ്. അതോടൊപ്പം ഇക്കൂട്ടരുടെ ബോധപൂര്‍വ്വമായ അഴിമതിക്കെതിരെ തക്കതായ ശിക്ഷ നല്‍കുകയും, അവരുടെ റേഷന്‍കാര്‍ഡ് റദ്ദാക്കുകയും ചെയ്യേണ്ടതാണ്.
കെ.എം. ജയസേനന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: