കണ്ണൂര്‍: ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് സഞ്ചി നിരോധനം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അവ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നതിന് പുറമെ, ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്കി. വരുംദിനങ്ങളില്‍ റെയിഡുകള്‍ കര്‍ശനമാക്കണം. ഇതിന് പോലിസിന്റെ സഹായം ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു.
മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കാംപയിന് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് ഹരിതമിഷന്റെ പഞ്ചായത്ത് തല സമിതി യോഗം ഉടന്‍ ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഡ് തലങ്ങളിലെ ശുചിത്വ സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. കാംപയിന് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കണം. കാംപയിന് സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന് 25000 രൂപ, നഗരസഭയ്ക്ക് ഒരു ലക്ഷം, കോര്പറേഷന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ ഫണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തി മുഴുവന്‍ ജനങ്ങളിലും കാംപയിന് സന്ദേശം എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്ക്കരണത്തിലൂടെ മാലിന്യ നിര്‍മാര്‍ജ്ജനം അപ്രായോഗികമാണെന്നും മാലിന്യമുണ്ടാകുന്ന വഴികള്‍ തടയുന്നതിലൂടെ അതിന്റെ തോത് കുറച്ചുകൊണ്ടുവരികയാണ് പരിഹാരമെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചത്. എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഇവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി നടപ്പാക്കിയ പ്ലാസ്റ്റിക് സഞ്ചി നിരോധനം ലംഘിക്കുന്നവര്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. ചിലയിടങ്ങളില്‍ റെയ്ഡ് വിവരങ്ങള്‍ കടക്കാര്‍ക്ക് ചോര്ത്തിനല്കുന്നതുള്പ്പെടെയുള്ള വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചുവരികയാണ്. വരുംദിനങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും പ്രത്യേകമായി വിളിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഓരോ കടകളിലും പരിശോധന നടത്തി അവിടെയുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല പിന്തുണ നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: