കാസര്‍കോട്: ചെങ്ങറ ഭൂ സമരത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ഇന്നും ദുരിതത്തിലാണ്. ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നല്കിയ പാക്കേജുകള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം.
പെരിയയിലെ കാലിയടുക്കത്ത് പുനരധിവസിക്കപ്പെട്ട കുടംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിച്ചില്ല. ഈ കുടുംബങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ അനുവദിച്ച പതിനൊന്നരക്കോടി രൂപയില്‍ തിരിമറി നടക്കുകയും ചെയ്തു. ഭൂമിക്കു വേണ്ടി സമരം നടത്തിയ ചെങ്ങറ ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് 2010 ലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പുനരധിവാസം ഏര്‍പ്പെടുത്തിയത്. പട്ടികജാതി വികസനവകുപ്പ് പെരിയ കാലിയടുക്കത്ത് 166 ഏക്കര്‍ ഭൂമിയേറ്റെടുത്ത് 70 ശതമാനം പട്ടിക വിഭാഗക്കാര്‍ക്കും 30 ശതമാനം പിന്നോക്കക്കാര്‍ക്കും മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കും വിതരണം ചെയ്യുകയായിരുന്നു.
ഇവിടെ വീട് നിര്‍മിച്ച് കൃഷി ചെയ്ത് ജീവിക്കാന്‍ പതിനൊന്നരക്കോടി രൂപയും അനുവദിക്കുകയായിരുന്നു. ഡോ. കെ.ആര്.നാരായണന്റെ പേരില്‍ ഒരു സൊസൈറ്റി രൂപീകരിച്ച് ജില്ലാ കളക്ടറെ ചെയര്‍മാനാക്കി ഒരു കമ്മറ്റിയും രൂപീകരിച്ചാണ് ഇവിടെ 85 കൂടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ചെങ്ങറ സമരത്തില്‍ ഉള്‍പ്പെട്ടവര്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടികവിഭാഗക്കാര്‍ക്ക് 50 സെന്റും ജനറല്‍ വിഭാഗങ്ങള്‍ക്ക് 25 സെന്റും അനുവദിച്ചു. എന്നാല്‍ വയനാട്ടില്‍ പലര്‍ക്കും അനുവദിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാലും കൈവശാവകാശം മറ്റുള്ളവരുടെ പേരിലായതിനാലുമാണ് പെരിയയില്‍ ഇവരെ പുനരധിവസിപ്പിച്ചത്.
ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ അനുവദിച്ച പതിനൊന്നരക്കോടി രൂപയില്‍ വെട്ടിപ്പ് നടത്തിയതിനാല്‍ കുടുംബങ്ങള്ക്കിന്നും വളരെ ദുരിതപൂര്‍ണമായ ജീവിതമാണ്. ആദ്യം നല്കിയ പട്ടയം റദ്ദ് ചെയ്തതെങ്കിലും പുതിയ പട്ടയം ഇതുവരെ നല്‍കിയിട്ടില്ല. അതുമൂലം കരം തീര്‍ത്ത് പട്ടയം ലഭിക്കാത്തതിനാല്‍ കൃഷിഭവന്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.
വിവിധ ജില്ലകളില്‍ നിന്ന പറിച്ച് നട്ട ഈ ജീവിതങ്ങളുടെ ദുരിതം ഒഴിവാക്കാന്‍ ഉടന്‍ തന്നെ പട്ടയം നല്കി കരം തീര്‍ത്ത് കിട്ടാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതിവര്‍ഗ്ഗ ഐക്യവേദി ഭാരവാഹികള്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഐക്യവേദി സംസ്ഥാന രക്ഷാധികാരി ഐത്തിയൂര്‍ സുരേന്ദ്രന്, ചെയര്മാന് തൃശൂര്‍ ശിവരാമന്, ജനറല്‍ സെക്രട്ടറി വൈക്കം കുട്ടപ്പന്, സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്, കാസര്‍കോട് ജില്ലാ ചെയര്മാന് എരുമേലി ദിവാകരന്. സെക്രട്ടറി സാമുവേല്‍, ട്രഷറര്‍ പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: