തൃശൂര്‍: അനധികൃതമായി ജോലിക്ക് എത്താത്ത കണ്ടിജന്റ് ജീവനക്കാരന്റെ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്തിന് കോര്പ്പറേഷന് കൊക്കാല സെക്ഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.യു.മനോജ്കുമാറിനെ കോര്പ്പറേഷന് സെക്രട്ടറി സര്‍വ്വീസില്‍നിന്നും സസ്പെന്റ് ചെയ്തു. മേയറുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.
കൊക്കാല സെക്ഷനിലെ അര്ജുനന് എന്ന കണ്ടിജന്റ് തൊഴിലാളി മാസങ്ങളായി അനധികൃതമായി ജോലിക്കു എത്തിയിരുന്നില്ല. ഇയാളുടെ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്തുവെന്നാണ് ആരോപണം. രണ്ട് മാസം മുമ്പ് പുതിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചാര്ജ്ജെടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ദീര്ഘകാലത്തിന്ശേഷം ജോലിക്കെത്തിയ അര്‍ജുനനെ കണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആളെ തിരക്കിയതായിരുന്നു. റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് എല്ലാ ദിവസവും കൃത്യമായി എത്തി ഹാജര്‍ രേഖപ്പെടുത്തുകയും ശമ്പളം കൈപറ്റുകയും ചെയ്യുന്നതായി കണ്ടെത്തിയത്.
എച്ച്.ഐയുടെ റിപ്പോര്‍ട്ടില്‍ പ്രാഥമികാന്വേഷണം നടത്തിയാണ് മേയര്‍ ജൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെണ്ട് ചെയ്യാന്‍ ഉത്തരവ് നല്‍കിയത്. കൊക്കാല സര്‍ക്കിളിലെ എച്ച്.ഐമാരായിരുന്ന പി.ശിവന്, പി.മൊയ്തു എന്നിവര്‍ക്ക് മെമ്മോയും നല്‍കിയിട്ടുണ്ട്. സമാനമായ തട്ടിപ്പുകള്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി നടന്നുവരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: