ഇടതുപക്ഷം കേരളത്തില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തുകയാണോ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വരികള്‍ (4.8.2017, ദേശാഭിമാനി) ശ്രദ്ധിച്ചാല്‍ അങ്ങനെ ധരിക്കണം. അവര്‍ കയ്യും കെട്ടി നില്ക്കുന്നു. ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായെത്തി വെട്ടുന്നു, കൊല്ലുന്നു, പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നു, വീടുകള്‍ പൊളിക്കുന്നു. സിപിഎമ്മിനും അതിന്റെ ജനറല്‍ സെക്രട്ടറിക്കുമല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പറയാന്‍ കഴിയുക? ആളുകളെ കൊല്ലുന്നതിന് ആസൂത്രിത പദ്ധതി തയ്യാറാക്കുക. പദ്ധതി നടപ്പാക്കി എന്ന് ഉറപ്പുവരുത്തുക കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി വണ്‍, ടു, ത്രീ എന്നിങ്ങനെ എണ്ണിയെണ്ണി കൊല്ലുക. ഇങ്ങനെ ചെയ്യുന്നത് ഒരേ ഒരു പാര്‍ട്ടിയാണ്. അവരാണിന്ന് കേരളഭരണം നയിക്കുന്നത്. ഭരണം തുടങ്ങിയ അന്നുമുതല്‍ സിപിഎം അണികള്‍ ആയുധമേന്തി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ജില്ലയിലും തുടങ്ങിയ അക്രമങ്ങളും കൊലപാതകങ്ങളും തലസ്ഥാനജില്ലയിലെത്തുമ്പോഴേക്കും ഇരുപതോളം രാഷ്ട്രീയ കൊലപാതകങ്ങള്‍. അതില്‍ പതിമൂന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍. എന്നിട്ടും കേരളത്തിലാകമാനം ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.
ഇങ്ങിനെയുമുണ്ടോ കള്ളം മാത്രം പറയുന്ന പാര്‍ട്ടി? സിപിഎം ആക്രമിക്കാത്ത ഏതെങ്കിലും പാര്‍ട്ടിയുണ്ടോ? ബിജെപിയും സിപിഎമ്മും കേരളത്തിന്റെ മാനം കെടുത്തുന്നുവെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കോണ്‍ഗ്രസ് ആരെയും കൊന്നിട്ടില്ലത്രേ. പ്രതിയോഗികളെ കൊന്നും ആക്രമിച്ചും ചരിത്രം മാത്രമല്ല സ്വന്തം കക്ഷിയില്‍പ്പെട്ടവരെപ്പോലും കൊന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ഓഫീസ് ജീവനക്കാരിയായ സ്ത്രീയെ നിഷ്ഠൂരമായികൊന്ന് (നിലമ്പൂര്‍) ചാക്കില്‍ക്കെട്ടി പുറമ്പോക്കില്‍ തള്ളിയ ചരിത്രത്തിന്റെയും നേരവകാശിയാണ് ചെന്നിത്തലയുടെ പാര്‍ട്ടിയെന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.
രമേശ് ചെന്നിത്തല സിപിഎമ്മിനെ വെള്ളപൂശാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നന്നായി. ഉദ്ദേശ്യകാര്യത്തിന് ഉപകാരസ്മരണ വേണം. പശ്ചിമബംഗാളില്‍ നിന്ന് ചുളുവില്‍ ഒരു കോണ്ഗ്രസുകാരന് രാജ്യസഭയിലെത്തുകയാണല്ലോ. ആറ് പേരെയാണ് അവിടെനിന്നും ജയിപ്പിക്കേണ്ടത്. അഞ്ചുപേരെ ജയിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനാവും. ആറാമത്തെ സീറ്റ് സിപിഎമ്മിന് നല്കാന് കോണ്‍ഗ്രസ് സമ്മതിച്ചതാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. രണ്ടുതവണ രാജ്യസഭയില്‍ ജയിച്ച യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് സിപിഎമ്മിലെ ഒരു വിഭാഗം വാദിച്ചു. അത് ബംഗാള്‍ഘടവും മറ്റുള്ളവരും തമ്മിലുള്ള ചേരിതിരിവിലാണ് കലാശിച്ചത്. യെച്ചൂരി-കാരാട്ട് പോര് പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും തീപ്പൊരി സൃഷ്ടിച്ചെങ്കിലും ജനറല്‍ സെക്രട്ടറിക്ക് പാര്‍ട്ടിയില്‍ പിന്തുണ കിട്ടിയില്ല. ഒടുവില്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടില്‍ മത്സരത്തിന് താനില്ലെന്ന് പ്രസ്താവിച്ച് മേനിനടിച്ചു.
ബംഗാളില്‍ നിന്നും സിപിഎം നേതാവും കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലേക്ക് പത്രിക നല്കി. തങ്ങളുടെ ആവശ്യത്തെ തള്ളിയ പാര്‍ട്ടിയെ പാഠംപഠിപ്പിക്കാന്‍ ബംഗാള്‍ സിപിഎം ഘടകം പദ്ധതിയിട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളാന്‍ പറ്റുംവിധം പഴുതുകളുണ്ടാക്കി. സംഗതി ക്ലീന്‍. കോണ്‍ഗ്രസുകാരന്റെ വിജയം ഉറപ്പായി. ഒപ്പം അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്കും അനായാസനേട്ടം. കോണ്‍ഗ്രസുകാര്‍ എങ്ങിനെ സിപിഎമ്മിനെ വെള്ളപൂശാതിരിക്കും.
‘കോണ്‍ഗ്രസിനെ കൊടിലുകൊണ്ടുപോലും തൊടാന്‍ കഴിയില്ല’. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നിരീക്ഷണമായിരുന്നു ഇത്. ഇന്ന് സോപ്പിന്റെ പരസ്യം പോലെ ‘അതെല്ലാം മറന്നേക്കൂ’ എന്ന സ്ഥിതിയായി. അല്ലെങ്കില്‍ ‘കോണ്‍ഗ്രസ് വിരോധമേ കടക്കൂപുറത്ത്’ എന്ന അവസ്ഥയിലായി ഇടതുപക്ഷം. കോണ്‍ഗ്രസുമായി സപിഐ ഒരു ദശാബ്ദത്തോളം സഹശയനം നടത്തിയപ്പോള്‍ സിപിഎമ്മിന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മുകാരനായ സി.അച്ചുതമേനോന് മുഖ്യമന്ത്രിയായപ്പോള്‍ ‘ചേലാട്ടച്ചു ചെറ്റ, വെക്കടാ ചെറ്റേ ചെങ്കൊടി താഴെ. പിടിയെട ചെറ്റേ മൂവര്‍ണക്കൊടി’ എന്ന് വിളിച്ചുനടന്നവരാണ് സിപിഎം. അവരാണിപ്പോള്‍ പരസ്പരം പാദസേവ നടത്തുന്നത്. അധഃപതനം ഇത്രത്തോളമാകാമോ?
രാഷ്ട്രീയസംഘര്‍ഷവും സംഘട്ടനവും കൊലപാതകങ്ങളും അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയും.
അതുകൊണ്ടുമാത്രമാണ് പത്തോളം പേര് കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ വെട്ടേല്‍ക്കുകയും നൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടും തിരിച്ചടിക്കാനൊരുങ്ങാത്തത്. നിയമപരമായി നേരിടുകയും രാഷ്ട്രീയമായി അക്രമികളെ തുറന്നുകാട്ടുകയും ചെയ്യുക എന്ന സമീപനമാണ് ഈ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഊര്‍ജ്ജ്വസ്വലനായ ഒരു പ്രവര്‍ത്തകനെ 89 വെട്ടേല്പ്പിച്ച് കൊലപ്പെടുത്തിയിട്ടും മറിച്ചൊരാക്രമണം ഉണ്ടാകാതിരുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയം പോലീസിന്റെ സാന്നിധ്യത്തില്‍ തകര്‍ക്കാന്‍ നോക്കിയിട്ടും അതേ നാണയത്തില്‍ മറുപടി നല്‍കാതിരുന്നത്. എന്നിട്ടും സമാധാനശ്രമങ്ങള്‍ക്ക് സര്‍വവിധ പിന്തുണയും ഉത്സാഹവും കാട്ടിയതും അതുകൊണ്ടാണ്.
ഗവര്‍ണര്‍ സമാധാനശ്രമത്തിന് മുന്‍കൈ എടുത്തതാണിപ്പോള്‍ തര്‍ക്കവിഷയം. കോണ്‍ഗ്രസിന് അത് സഹിക്കുന്നില്ല. സിപിഐക്കാണ് അതിലേറെ ദഹനക്കേട്. ആളുകള്‍ തമ്മില്‍ തല്ലി തലകീറണമെന്ന ചെന്നായയുടെ മോഹത്തോട് മാത്രമേ അതിനെ ഉപമിക്കാനാകൂ. ഗവര്‍ണര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയതെന്നാണ് ചോദ്യം. ഭരണഘടനയില്‍ അത് പറഞ്ഞിട്ടുണ്ടോ എന്നറിയണം. ഇല്ല സര്, സമാധാനമുണ്ടാക്കാന്‍ ഗവര്‍ണര്‍ ഇടപെടണം എന്നുപറഞ്ഞിട്ടില്ല. ഭരണഘടന എഴുതുമ്പോള്‍ കേരളത്തില്‍ സിപിഎം എന്ന പാര്‍ട്ടി ഉണ്ടായിരുന്നില്ല. അവര്‍ തലങ്ങും വിലങ്ങും അക്രമവും കൊലയും നടത്തുമെന്ന് ഭരണഘടനാ ശില്പികള്ക്ക് മുന്നറിവ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് എഴുതിവച്ചില്ല. എഴുതിവച്ച കാര്യങ്ങളേ ചെയ്യൂ എന്നങ്ങനെ നിര്‍ബന്ധം പിടിച്ചാല്‍ റോഡപകടമുണ്ടാകുമ്പോള്‍ ജീവനുവേണ്ടി പിടയുന്നവരെ കോരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയില്ല.
ഒരു ജീവനും ആരും തട്ടിയെടുക്കാതെ നോക്കണമെന്നാഗ്രഹമുണ്ടാകുന്നതിനെയാണ് മനുഷ്യസ്നേഹമെന്ന് പറയുന്നത്. മനുഷ്യസ്നേഹമേ ‘കടക്കുപുറത്ത്’ എന്നാക്രോശിച്ച് പുറത്താക്കാനാകുമോ? ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം രാഷ്ട്രീയക്കാരനല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്നു. ഗവര്‍ണര്‍ പദവിയുടെ അതിരും പതിരുമെല്ലാം തിരിച്ചറിയാനുള്ള വിവരവും വിവേകവുമൊക്കെ അദ്ദേഹത്തിനുണ്ട്. സംസ്ഥാനത്തിന്റെ അപ്രധാനമെന്ന് തോന്നാവുന്ന ഉത്തരവുകള്‍ പോലും ‘ഗവര്‍ണര്‍ക്കുവേണ്ടി’ എന്നുകുറിക്കുന്നതാണല്ലോ പതിവ്.
ആ പദവിയിലിരിക്കുന്ന വ്യക്തി സമാധാനം പുലരാന്‍ പ്രയത്നിക്കണമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചതാണോ കേരളത്തിന്റെ ഇന്നത്തെ പ്രശ്നം. ഗവര്‍ണര്‍ക്ക് രാജ്ഭവനിലേക്ക് വിളിപ്പിക്കാനല്ലാതെ ക്ലിഫ്ഹൗസിലോ, സെക്രട്ടേറിയറ്റിലോ കയറിചെന്ന് കാര്യം പറയാന്‍ ഗവര്‍ണര്‍ക്ക് കഴിയുമോ? ഉരുളുന്ന തലകളുടെ എണ്ണം നോക്കുന്നവര്‍ക്ക് ഗവര്‍ണറുടെ ആത്മാര്‍ത്ഥത അറിയില്ല. മനുഷ്യന് മുന്‍ഗണന നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയാണ് ഗവര്‍ണര്‍. ചന്ദനമാണ് അദ്ദേഹം ചാരിയത്. അതുകൊണ്ടുതന്നെ ചന്ദനത്തിന്റെ ഗന്ധം തന്നെ ജസ്റ്റിസ് സദാശിവത്തിനുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: