മറയൂര്‍: ഡീസല്‍ അടിച്ച വകയില്‍ നല്‍കാനുള്ള വന്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് മറയൂരില്‍ പോലീസിന്റെ ജീപ്പ് കട്ടപ്പുറത്തായി. ജീപ്പിന് ഡീസല്‍ അടിച്ച വകയില്‍ 187000 രൂപയാണ് പമ്പിന് നല്‍കാനുള്ളത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ 1-ാം തീയതി മുതല്‍ പമ്പില്‍ നിന്ന് പെട്രോള്‍ ലഭിക്കാതെയായി. ബാബുനഗര്‍ ജങ്ഷനിലെ പമ്പില്‍ നിന്നാണ് പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത്. രണ്ട് ഇരുചക്രവാഹനവും ഒരു ജീപ്പുമാണ് സ്റ്റേഷനിലുള്ളത്. വണ്ടിയില്‍ കിടന്നിരുന്ന ഡീസല്‍കൂടി തീര്‍ന്നതോടെ 2-ാം തീയതി രാത്രിമുതല്‍ വാഹനം ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലുമായി. വാഹനം ഉപയോഗിക്കാനാകാതെ വന്നതോടെ പതിവ് പെട്രോളിങും മറ്റ് പരിശോധനകളും നിലച്ചു.
ഏറെ പ്രശ്നബാധിതമായ തമിഴ് ജനതയുടെ ആധിപത്യം കൂടിയ മേഖലയാണ് മറയൂര്‍. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ചന്ദനമോഷണ കേസുകളാണ് ഇവിടെ അരങ്ങേറിയത്. സര്‍ക്കാര്‍ നേരിട്ട് പമ്പുടമയുടെ അക്കൗണ്ടിലേക്ക് പണം നല്‍കുകയാണ് പതിവ്. ഏറെ വൈകിയിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ധനം നല്‍കുന്നത് ഉടമ നിര്‍ത്തിയതെന്നാണ് വിവരം. ഉടന്‍ പണം കൈമാറുമെന്ന് ഉറപ്പ് ലഭിച്ചതായാണ് എസ്ഐ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: